തിരുവല്ലയിൽ വീടുകൾക്ക് മുകളിൽ മരംവീണു
തിരുവല്ല : ശക്തമായ മഴയോടൊപ്പം വീശി അടിച്ച കാറ്റ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം വിതച്ചു. പോസ്റ്റുകൾ ഒടിഞ്ഞതോടെ പലയിടത്തും വൈദ്യുതി മുടങ്ങി കണിയാമ്പറ - മനയ്ക്കച്ചിറ റോഡിൽ മണക്കാട്ട് മുക്കിൽ തേക്കുമരം കടപുഴകി. തേക്കുമരം വൈദ്യുതി ലൈനിൽ വീണ് ട്രാൻസ്ഫോമറും സമീപത്തെ നിരവധി വൈദ്യുതി പോസ്റ്റും നിലംപൊത്തി. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സമീപ പുരയിടത്തിൽ നിന്നിരുന്ന മരം കടപുഴകി വൈദ്യുതി ലൈനിനു മേലെ വീഴുകയായിരുന്നു. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. പെരിങ്ങര നെന്മേലിൽ പ്രഭാകരൻ നായരുടെ വീടിന്റെ മുകളിൽ മരം വീണു. പെരിങ്ങര 98-ാം അങ്കണവാടി പ്രവർത്തിക്കുന്ന ദേവകിസദനത്തിൽ രാജശേഖരന്റെ വീടിനു മുകളിലേക്ക് മരം വീണു. പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഷീറ്റ് പറന്നുപോയി. പെരിങ്ങര മഠത്തിലേട്ടു പടി - പെരുമ്പ്രാൽ റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പെരിങ്ങര കിഴക്ക് മഠത്തിൽ സന്തോഷിന്റെ വീടിന്റെ മുകളിൽ തേക്കുമരം വീണു. ഇവിടെ ആൾത്താമസമില്ലാത്ത പുരയിടത്തിലെ ഒട്ടെറെ മരങ്ങൾ അപകട ഭീഷണിയായി നിലക്കുന്നുണ്ട്. ചാഞ്ഞു നിൽക്കുന്ന മരങ്ങൾ ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തുമോയെന്ന ഭീതിയിലാണ് സമീപത്തെ വീട്ടുകാരും യാത്രക്കാരും. മതിൽഭാഗത്ത് ശ്രീവല്ലഭ ക്ഷേത്രത്തിലെ സർപ്പക്കാവിന് സമീപം കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞു വൈദ്യുതി ബന്ധം താറുമാറായി.
അയിരൂർ ക്ഷേത്ര ശ്രീകോവിലിന് കാഞ്ഞിരമരം വീണ് തകർച്ച
കോഴഞ്ചേരി: ഇന്നലെ വൈകുന്നേരം നാലുമണിയോടെ വീശിയ കനത്ത കാറ്റും മഴയും പ്രദേശത്താകെ നാശനഷ്ടങ്ങൾ വരുത്തി. വാഴയും തെങ്ങും ഫലവൃക്ഷങ്ങളുമുൾപ്പടെ കടപുഴകിയും ഒടിഞ്ഞു വീണതും വലിയ നഷ്ടമുണ്ടാക്കി. അയിരൂർ സുബ്രഹ്മണ്യ ക്ഷേത്ര ശ്രീകോവിലിന് മുകളിലേക്ക് ക്ഷേത്ര വളപ്പിൽ നിന്ന കാഞ്ഞിര മരം വീണ് ശ്രീകോവിലിന് കേടുപാട് സംഭവിച്ചു. നീലംപിലാവിൽ ജംഗ്ഷന് സമീപം മരം വൈദ്യുതി ലൈനിലേക്ക് വീണ് ട്രാൻസ്ഫോർമറിനും വൈദ്യുത തൂണിനും നാശം സംഭവിച്ചു. ഇത് വഴിയുള്ള ഗതാഗതവും മുടങ്ങി. വാഴക്കുന്നം എസ് ബി ഐ ബാങ്കിനുമുൻപിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് പോസ്റ്റ് ഒടിഞ്ഞത് ഗതാഗത തടസമുണ്ടാക്കി. പ്രദേശമൊട്ടാകെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. കോഴഞ്ചേരി തെക്കേലയിൽ ചെങ്ങന്നൂർ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടത് ഫയർ ഫോഴ്സ് എത്തിയാണ് മുറിച്ച് മാറ്റിയത്. മേലുകര കിഴുകര ഭാഗത്ത് വൻ നാശമാണുണ്ടായത്.
റാന്നിയിൽ വ്യാപകനാശം
റാന്നി : ശക്തമായ കാറ്റിലും മഴയിലും റാന്നിയിൽ വ്യാപക നാശം. മരങ്ങൾ ഒടിഞ്ഞുവീണ് പലയിടത്തും വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നു. റോഡ് ഗതാഗതം തടസപ്പെട്ടു. മരങ്ങൾ വീണ് വീടുകൾക്കും നാശം സംഭവിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ശക്തമായ മഴക്കൊപ്പം കാറ്റ് വീശി അടിച്ചത്. അങ്ങാടി എസ്.ബി.ഐക്ക് സമീപം നിന്ന തേക്കുമരങ്ങൾ റോഡിലേക്ക് കടപുഴകി. അങ്ങാടി വലിയകാവ് റോഡിലെ ഗതാഗതം തടസപ്പെട്ടു. വൈദ്യുത പോസ്റ്റുകളും തകർന്നു. ഷോറൂമിൽ നിന്ന് ഡിസ്പ്ളയ്ക്കായി വഴിയരുകിൽ സൂക്ഷിച്ചിരുന്ന കാറുകൾക്ക് കേടുപാട് സംഭവിച്ചു. ഒരു സ്കൂട്ടറും ബൈക്കും തകർന്നു. ഐത്തല പരുത്തിക്കാവ് പാരിമല റോയിയുടെ വീടിന് മുകളിലേക്ക് തേക്കുമരവും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണ് നാശം സംഭവിച്ചു. ജണ്ടയിക്കൽ - ചെറുകുളഞ്ഞി - പള്ളിപ്പടി റോഡിലെ ഗതാഗതവും സ്തംഭിച്ചു. പുനലൂർ - മൂവാറ്റുപുഴ പാതയിൽ ഡിപ്പോയ്ക്ക് സമീപവും മരം വൈദ്യുതി ലൈനുകളിലേക്ക് വീണു. പ്ലാച്ചേരി - എരുമേലി റൂട്ടിലും ഗതാഗത തടസമുണ്ടായി. മരങ്ങൾ വീണ് ഉതിമൂട് പുഴക്കൽ ഓമനയുടെ വീട് തകർന്നു. വെച്ചൂച്ചിറ നവോദയ ജംഗ്ഷനിൽ മരങ്ങൾ വീണ് ആശ്രമം റോഡിൽ ഗതാഗതം തടസപ്പെട്ടു.