റൂട്ടിന് മുന്നില്‍ ഇനി സാക്ഷാല്‍ സച്ചിന്‍ മാത്രം; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍
മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച ലീഡ് നേടി ഇംഗ്ലണ്ട്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സ് എന്ന നിലയിലാണ് അവര്‍. ഇതോടെ ആദ്യ ഇന്നിംഗ്‌സ് ലീഡ് 186 റണ്‍സ് ആയി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (77*), ലിയാം ഡ്വാസന്‍ (21*) എന്നിവരാണ് ക്രീസില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 358 റണ്‍സ് നേടിയിരുന്നു.
225ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി മുന്‍ നായകന്‍ ജോ റൂട്ട് (150) തകര്‍പ്പന്‍ സെഞ്ച്വറി നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇനി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്. ഒറ്റ ഇന്നിംഗ്‌സ് കൊണ്ട് ജാക് കാലിസ്, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിംഗ് എന്നിവരെ മറികടന്നാണ് റൂട്ട് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. നിലവിലെ ഫോം തുടരാനായില്‍ 34കാരനായ റൂട്ടിന് സച്ചിന്റെ റെക്കോഡ് അത്ര ദൂരത്തിലല്ല.
ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (94), സാക് ക്രൗളി (84) എന്നിവര്‍ക്ക് പുറമേ ഒലി പോപ്പും (71) അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. ഹാരി ബ്രൂക്ക് (3), ജെയ്മി സ്മിത്ത് (9), ക്രിസ് വോക്‌സ് (4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യക്ക് വേണ്ടി സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.