നീറ്റ് യു.ജി: ആദ്യ റൗണ്ട് ചോയ്‌സ് ഫില്ലിംഗ് 28 വരെ

Saturday 26 July 2025 12:00 AM IST

മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നടത്തുന്ന 2025-26 വർഷത്തേക്കുള്ള മെഡിക്കൽ കൗൺസിലിംഗ് ആദ്യ റൗണ്ടിന് 28 വരെ രജിസ്ട്രേഷൻ നടത്താം. 28 വരെ ചോയ്‌സ് ഫില്ലിംഗ് നടത്താം. ആഗസ്റ്റ് 6 വരെ ഫീസടച്ച് കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. രജിസ്‌ട്രേഷൻ പ്രക്രിയയിൽ രജിസ്‌ട്രേഷൻ ഫീസും, സെക്യൂരിറ്റി തുകയും അടയ്ക്കേണ്ടതുണ്ട്. കല്പിത സർവകലാശാലകളിൽ രജിസ്‌ട്രേഷൻ ഫീസായി 5000 രൂപയും, സെക്യൂരിറ്റി ഡെപ്പോസിറ്റ് രണ്ടു ലക്ഷം രൂപയും ഓൺലൈനായി അടയ്ക്കണം. സർക്കാർ മെഡിക്കൽ കോളേജുകളിലിത് യഥാക്രമം 1000 രൂപയും 10000 രൂപയുമാണ്. പട്ടിക ജാതി, മറ്റു പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് ഇത് 500 രൂപയും 5000 രൂപയുമാണ്.

അഖിലേന്ത്യ ക്വോട്ട 15 ശതമാനം സീറ്റുകൾ, ഡീംഡ് യൂണിവേഴ്‌സിറ്റി, ഇ.എസ്.ഐ, ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജുകളിലേക്കാണ് (AFMC) ഇപ്പോൾ ഓപ്ഷൻ നൽകാവുന്നത്. എ.എഫ്.എം.സിയിൽ പ്രവേശനം നേരിട്ടാണ്. ചോയ്‌സ് ഫില്ലിംഗിൽ ഇവ ഉൾപ്പെട്ടിട്ടില്ല. രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ ആഗസ്റ്റ് 12 മുതൽ 20 വരെയാണ്. മൂന്നാം റൗണ്ട് സെപ്തംബർ 3 മുതൽ 10 വരെയും, സ്‌ട്രെ റൗണ്ട് സെപ്തംബർ 22 മുതൽ 26 വരെയും നടക്കും. സെപ്റ്റംബർ ഒന്നിന് ക്ലാസ് തുടങ്ങും. രാജ്യത്തെ 780 മെഡിക്കൽ കോളേജുകളിലായി 1.1848 ലക്ഷം എം.ബി.ബി.എസ് സീറ്റുകളുണ്ട്.

അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിൽ 27 ശതമാനം ഒ.ബി.സി, 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സംവരണമുണ്ട്. കേന്ദ്ര സർവ്വകലാശാലകൾ, ജിപ്‌മെർ പുതുച്ചേരി, AFMC എന്നിവയുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, കസ്തൂർബ ഹോസ്പിറ്റൽ, സെന്റ് സ്റ്റീഫൻസ്, സഫ്ദർജംഗ്, ഫ്‌ളോറെൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ട്, എ.എഫ്.എം.സിയുടെ കീഴിലുള്ള ആറ് നഴ്‌സിംഗ് കോളേജുകൾ എന്നിവിടങ്ങളിലും ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനം നീറ്റ് റാങ്ക് വഴിയാണ്. മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽനിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും. www.mcc.nic .in

സംസ്ഥാനതല കൗൺസിലിംഗ്

................................. സംസ്ഥാനതല കൗൺസിലിംഗ്, അലോട്ട്‌മെന്റ് പ്രക്രിയയുമായി ബന്ധപ്പെട്ട് അതത് സംസ്ഥാനങ്ങൾ നോട്ടിഫിക്കേഷൻ പുറത്തിറക്കും. ജൂലായ് 30 മുതൽ ആഗസ്റ്റ് 6, ആഗസ്റ്റ് 19 മുതൽ 29, സെപ്റ്റംബർ 9 മുതൽ 18, സെപ്റ്റംബർ 25 മുതൽ 29 വരെ ന്നിങ്ങനെയാണ് യഥാക്രമം സംസ്ഥാന തല കൗൺസിലിംഗ്. കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറും (www.cee.kerala.gov.in), കർണാടകയിൽ കർണാടക എക്‌സാമിനേഷൻ അതോറിറ്റിയും, പുതുച്ചേരിയിൽ സെന്റാക്കും കൗൺസിലിംഗ് നടത്തും. എം.സി.സി ആദ്യ റൗണ്ടിനു ശേഷം മാത്രമേ സംസ്ഥാന ക്വോട്ട ആദ്യ റൗണ്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കൂ.