അപകടക്കെണിയായി  മന്നംകരച്ചിറ, ജീവനെ‌ടുക്കുന്ന വേഗത

Saturday 26 July 2025 12:10 AM IST

തിരുവല്ല : കുത്തനെയുള്ള കയറ്റം, കൊടും വളവ്, ഇടുങ്ങിയ പാലം, വീതികുറഞ്ഞ റോഡ്, റോഡിനിരുവശവും അഗാധഗർത്തം. താഴ്ചയിലേക്കുള്ള റോഡുകൾ. ഇതെല്ലാം സംഗമിക്കുന്ന സ്ഥലമാണ് മന്നംകരച്ചിറ. ഇതുവഴി പോകുന്ന യാത്രക്കാർ സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. വ്യാഴാഴ്ച അർദ്ധരാത്രിയാണ് ഒടുവിലത്തെ അപകടം. കാവുംഭാഗത്ത് നിന്ന് മുത്തൂരിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു രണ്ടു യുവാക്കൾക്കാണ് ഇവിടെ ഇന്നലെ ജീവൻ നഷ്ടമായത്. കഴിഞ്ഞ കുറേനാളുകൾക്കിടെ നിരവധിപ്പേർ ഇവിടെ അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. രണ്ടു വർഷങ്ങൾക്ക് മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് ഇതുവഴി പോകുന്നത്. ചാലക്കുഴി ഭാഗത്തേക്കുള്ള റോഡുവളരെ താഴ്ചയിലാണ്. ഈ റോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന റോഡിലേക്ക് കുത്തനെ കയറണം. മുകളിൽ എത്തിയെങ്കിലും മാത്രമേ പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാനാകൂ. പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് ഈ റോഡ് ആരംഭിക്കുന്നത്. ഇവിടെ റോഡിന് വീതി കുറവാണ്. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ഇടമില്ല. ഇവിടെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ഗതാഗതവും തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇടുങ്ങിയ പാലമാണ് മറ്റൊരു പ്രശ്നം. കഷ്ടിച്ച് ഒരു വലിയ വാഹനത്തിന് മാത്രമേ കടന്നുപോകാനാകൂ. അതുവരെ മറ്റു വാഹനങ്ങൾ കാത്തിരിക്കണം. റോഡിന്റെ പകുതി വീതിയാണ് പാലത്തിനുള്ളത്. പാലം വീതികൂട്ടി നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും ഇതുവരെയും പണി തുടങ്ങിയിട്ടില്ല. വീതികുറഞ്ഞ അപ്പ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലും ഗർത്തമാണ്. വെള്ളം നിറഞ്ഞു കിടക്കുന്ന കുളങ്ങളും റോഡരുകിൽ നിരവധിയുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.