വിദേശ മെഡിക്കൽ ബിരുദം: അംഗീകാരത്തിന് 8.6 ലക്ഷം ഫീസ്
ന്യൂഡൽഹി: വിദേശ മെഡിക്കൽ ബിരുദം അംഗീകരിക്കുന്നതിന് ഓരോ അപേക്ഷകനും
10000 ഡോളർ (8.6 ലക്ഷം രൂപ) ഫീസ് ചുമത്താൻ ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം. മെഡിക്കൽ കോഴ്സുകൾ നടത്തുന്ന വിദേശ സ്ഥാപനങ്ങളോ, അവരുടെ അംഗീകൃത ഏജൻസികളോ ഫീസ് അടയ്ക്കണം..
ഫീസ് ഭേദഗതി ഉൾപ്പെടെയുള്ള കരട് ചട്ടം 16ന് വിജ്ഞാപനം ചെയ്തു. ഇതിൽ മെഡിക്കൽ രംഗത്തുള്ളവർക്കും പൊതുജനങ്ങൾക്കും ഒരു മാസത്തിനുള്ളിൽ അഭിപ്രായങ്ങൾ അറിയിക്കാം. വിദേശ മെഡിക്കൽ ബിരുദത്തിന്റെ അംഗീകാരത്തിന് ഇന്ത്യൻ ഡോക്ടർമാർ വ്യക്തിഗതമായി അടയ്ക്കേണ്ട 2.5 ലക്ഷം രൂപ ഫീസ് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.യു.എസ്, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളെല്ലാം മറ്റു രാജ്യങ്ങളിലെ കോഴ്സുകളുടെ അംഗീകാരത്തിന് ഫീസ് ചുമത്തുന്നുണ്ട്.
പ്രവേശനത്തെ
ബാധിച്ചേക്കും
ബിരുദം അംഗീകരിക്കുന്നതിന് 8.6 ലക്ഷം രൂപ ഫീസ് ചുമത്തുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്നതിനെ ബാധിക്കാനിടയുണ്ട്. പ്രതിവർഷം 20000-25000 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന് പോകുന്നത്. വ്യക്തിഗതമായി അടയ്ക്കേണ്ട ഫീസ് ഒഴിവാക്കുന്നത് വിദേശത്ത് പഠിച്ച് തിരികെ വരുന്നവർക്ക് ആശ്വാസമാണ്. എന്നാൽ സ്ഥാപനം നൽകേണ്ട ഫീസിന്റെ ബാധ്യത ട്യൂഷൻ ഫീസ് വർധനയിലൂടെയും മറ്റും വിദ്യാർത്ഥികൾക്കു മേൽ ചുമത്തപ്പെടാനാണ് സാധ്യത. വിദേശ മെഡിക്കൽ പഠനത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് എൻ.എം.സിയുടെ നടപടി. നിലവിൽ വിദേശ മെഡിക്കൽ ബിരുദമെടുക്കുന്നവർക്കുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് ലൈസൻഷ്യേറ്റ് (എഫ്.എം.ജി.എൽ), ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ) എന്നിവയ്ക്കു പകരം നാഷണൽ എക്സിറ്റ് ടെസ്റ്റ് നടപ്പാക്കാനുള്ള നിർദ്ദേശവും കരട് ചട്ടത്തിലുണ്ട്.
വിദേശമെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ക്ലിനിക്കൽ പരിശീലനം വേണ്ട
സ്വന്തം ലേഖകൻ
□ബാധകം കൊവിഡിനു ശേഷം തിരികെപ്പോയി ക്ലാസുകളിൽ പങ്കെടുത്തവർക്ക് കൊച്ചി: വിദേശ രാജ്യങ്ങളിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയിട്ടും കേരളത്തിൽ രജിസ്ട്രേഷൻ ലഭിക്കാത്ത നല്ലൊരു ഭാഗം വിദ്യാർത്ഥികൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. ഇവർ കൊവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾക്ക് പകരം, പിന്നീട് പഠിച്ച രാജ്യങ്ങളിലെത്തി ഫിസിക്കൽ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ കേരളത്തിലെ 'ക്ലിനിക്കൽ ക്ലേർക്ഷിപ്പ് പ്രോഗ്രാം' ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ചൈനയിൽ നിന്ന് എം.ബി.ബി.എസ് നേടിയ പാലക്കാട് സ്വദേശി ദലീൽ അഹമ്മദടക്കം ഒരു കൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. രജിസ്ട്രേഷൻ എടുക്കാനായി ഹർജിക്കാർ നൽകിയ അപേക്ഷകൾ പരിഗണിച്ച് ആറാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കാനും കോടതി സംസ്ഥാന മെഡിക്കൽ കൗൺസിലിനോട് നിർദ്ദേശിച്ചു. വിദേശ മെഡിക്കൽ ബിരുദക്കാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് നിർബന്ധമാണെന്ന് ദേശീയ മെഡിക്കൽ കമ്മിഷന്റെ ഉത്തരവുണ്ട്. ഇതിന് പുറമേയാണ് സംസ്ഥാന കൗൺസിൽ 'ക്ലിനിക്കൽ ക്ലേർക്ഷിപ്പ് പ്രോഗ്രാം' ഏർപ്പെടുത്തിയത്. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു ചൈനയിൽ പഠിച്ച ഹർജിക്കാരുടെ വാദം. നഷ്ടമായ ക്ലാസുകൾക്ക് കൊവിഡ് നിയന്ത്രണത്തിനു ശേഷം പരിഹാരമായിട്ടുണ്ട്. കേരളത്തിലെ നിബന്ധന കാരണം മെഡിക്കൽ കമ്മിഷൻ നിഷ്കർഷിച്ച ഇന്റേൺഷിപ്പ് നിശ്ചിത കാലാവധിയിൽ പൂർത്തിയാക്കാനാകുമോയെന്ന് ആശങ്കയുണ്ടെന്നും അവർ അറിയിച്ചു. ഇത് വിശ്വസനീയമല്ലെന്നും, പ്രാക്ടിക്കൽ ക്ലാസുകളടക്കം മുടങ്ങിയ സാഹചര്യത്തിൽ കേരളത്തിൽ രജിസ്ട്രേഷനെടുക്കാൻ ക്ലിനിക്കൽ പരിശീലനം അനിവാര്യമാണെന്നും സർക്കാർ വാദിച്ചു. കൊവിഡ് നിയന്ത്രണത്തിനു ശേഷം ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുത്തവർക്ക് കേരളം നിഷ്കർഷിച്ച ക്ലിനിക്കൽ പരിശീലനം ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു. രജിസ്ട്രേഷൻ അപേക്ഷകൾക്കൊപ്പമുള്ള രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് ഹർജികൾ തീർപ്പാക്കി.