പാസ്‌പോർട്ട് വേണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ

Saturday 26 July 2025 12:00 AM IST

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരമാൻ പാസ്‌പോർട്ട് മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. പാസ്‌പോർട്ട് പുതുക്കുന്നതിനും ഔദ്യോഗിക യാത്രകൾക്കും പാസ് പോർട്ട് അത്യന്താപേക്ഷിതമാണെന്നാണ് ശ്രീറാമിന്റെ വാദം. ഹർജിയിൽ നാലാം അഡിഷണൽ സെഷൻസ് ജഡ്ജി ആജ് സുദർശൻ ഈ മാസം 31 ന് വിധി പറയും. പ്രതിക്ക് പാസ്‌പോർട്ട് മടക്കി നൽകിയാൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ നിലപാട് അട്ടിമറിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയ അവസരത്തിലാണ് മജിസ്‌ട്രേറ്റ് കോടതി പാസ്‌പോർട്ട് കോടതിയിൽ കെട്ടിവയ്ക്കാൻ നിർദ്ദേശിച്ചിരുന്നത്.