ചോരുന്ന കൂരയ്ക്കുള്ളിൽ കാടിന്റെ മക്കൾക്ക് നരകജീവിതം
സുൽത്താൻ ബത്തേരി: വനാതിർത്തിയിൽ ഗോത്ര കുടുംബങ്ങൾ കഴിയുന്നത് ചോരുന്ന കൂരയിലും ചായ്പ്പുകളിലും. ഒന്നും രണ്ടും പേരല്ല 10 പേർ!. ചെതലയം താത്തന്നൂർ പണിയ ഉന്നതിയിലെ മൂന്ന് കുടുംബങ്ങളിലെ കൈക്കുഞ്ഞടക്കമുള്ളവരാണ് ഒരു കൂരയിൽ ദുരിതജീവിതം നയിക്കുന്നത്. പണിയ ഉന്നതിയിലെ മീനയും മക്കളായ ബിനു, ബിബീഷ്, വിനിത എന്നിവരുടെ മക്കളുമാണ് ചോർന്നൊലിക്കുന്ന വീട്ടിലും ഇതിനോട് ചേർന്ന് കെട്ടിയുണ്ടാക്കിയ കൂരകളിലുമുള്ളത്. 20 വർഷംമുമ്പാണ് മീനയ്ക്ക് വീട് ലഭിക്കുന്നത്. വീടിന്റെ ഇടതു വശത്തായി പ്ലാസ്റ്റിക് ഷീറ്റകൊണ്ട് കെട്ടിയുണ്ടാക്കിയ ചായ്പ്പിൽ മകൻ ബിനുവും ഭാര്യ നിഷയും മൂന്ന് വയസുള്ള കുട്ടിയും. വലതുവശത്തുള്ള ചായ്പ്പിൽ മറ്റൊരു മകൻ ബിബീഷും ഭാര്യ ഗീതയും ആറ് മാസം പ്രായമായ കുട്ടിയും. മകൾ വിനിതയും ആറിലും ഒമ്പതിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളും മീനക്കൊപ്പം ചോർന്നൊലിക്കുന്ന വീട്ടിലും. ഈ കുടുംബങ്ങൾ ശുദ്ധജലത്തിനായും കഷ്ടപ്പെടുകയാണ്. മഴവെള്ളം ശേഖരിച്ചാണ് ഭക്ഷണ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്നത്. പലതവണ വീടിനായി അധികൃതരെ സമീപിച്ചുവെങ്കിലും ലഭിച്ചില്ലെന്നാണ് മീന ആരോപിക്കുന്നത്. തങ്ങൾക്കൊരു വീടും കുടിവെള്ളത്തിനായി കിണറും അനുവദിച്ചുതരണമെന്നാണ് ഇവരുടെ ആവശ്യം.