കാറ്റും മഴയും: കി​ഴക്കൻ മേഖലയി​ൽ വ്യാപക നാശം

Saturday 26 July 2025 12:06 AM IST
വിളക്കുടി പഞ്ചായത്തിലെ കോട്ടവട്ടം കാരിക്കുഴി മേഖലയിലുണ്ടായ കനത്ത കാറ്റിൽ റബർമരം കടപുഴകി വീണ് വീടി​ന്റെ മേൽക്കൂര തകർന്ന നി​ലയി​ൽ

പത്തനാപുരം: കിഴക്കൻ മലയോര മേഖലയിൽ കനത്ത കാറ്റിലും മഴയിലും വ്യാപകമായ നാശ നഷ്ടം. വിളക്കുടി പഞ്ചായത്തിലെ കോട്ടവട്ടത്ത് കാരിക്കുഴി മേഖലയിൽ താമസിക്കുന്ന സുധാകരൻ പിളളയുടെ ഓടിട്ട വീടിന് മുകളിൽ സമീപത്ത് നിന്ന കൂറ്റൻ റബർമരം കടപുഴകി വീണു. വീടിന്റെ മേൽക്കൂരയ്ക്ക് നാശമുണ്ടായി​. സംഭവ സമയം സുധാരൻ പിള്ളയും ഭാര്യയും വീട്ടിലുണ്ടായി​രുന്നെങ്കി​ലും പരി​ക്കി​ല്ല. ഇന്നലെ വൈകിട്ട് 3.30 ഓടെ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിലാണ് മരം കടപുഴകിയത്. കാലവർഷം ശക്തമായതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പും വർദ്ധിച്ചു. ഇതി​നാൽ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഇന്ന് രാവിലെ 11ന് തുറക്കും. അണക്കെട്ട് തുറക്കുന്നത് കാരണം കല്ലട ആറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണണെന്ന് അധികൃതർ അറിയിച്ചു. 115.75 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ വൈകിട്ട് 4ന് 108.51 മീറ്റർ ജലനിരപ്പാണ് രേഖപ്പെടുത്തിയതെന്ന് കെ.ഐ.പി അധികൃതർ അറിയിച്ചു.