താത്കാലിക വി.സി നിയമനം: ഗവർണർ സുപ്രീംകോടതിയിൽ
Saturday 26 July 2025 12:36 AM IST
ന്യൂഡൽഹി : സാങ്കേതിക - ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീംകോടതിയെ സമീപിച്ചു. ഡോ. കെ.ശിവപ്രസാദിനെ എ.പി.ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയിലും, ഡോ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും താത്കാലിക വി.സിമാരായി നിയോഗിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി നിലപാടെടുത്തിരുന്നു. തെറ്റായ വിധിയാണെന്നുംഅടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ചാൻസലർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. യു.ജി.സി ചട്ടപ്രകാരം ആറു മാസത്തിൽ കൂടുതൽ താത്കാലിക വി.സിമാരെ തുടരാൻ അനുവദിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി നിലപാടിനെയും ചോദ്യംചെയ്‌തു.