സ്കൂൾ സമയക്രമം ; സർക്കാർ തീരുമാനത്തിന് വഴങ്ങി സമസ്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് സമയക്രമം പുതുക്കിയ സർക്കാർ തീരുമാനത്തിന് വഴങ്ങി സമസ്ത. പുതുക്കിയ സമയം മദ്രസ പഠനത്തെ ബാധിക്കുമെന്ന വാദവുമായി സമസ്ത രംഗത്തെത്തിയിരുന്നു. പ്രതിഷേധം പ്രത്യക്ഷസമരത്തിലേക്ക് കടക്കുമെന്ന ഘട്ടത്തിലാണ് സർക്കാർ ചർച്ചയ്ക്ക് തയാറായത്.
എന്നാൽ, ഇന്നലെ നടന്ന ചർച്ചയ്ക്ക് ശേഷം പുതുക്കിയ സമയക്രമവുമായി സർക്കാർ മുന്നോട്ടു പോവുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. സർക്കാർ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്തെന്നും മന്ത്രി അറിയിച്ചു. അഭിപ്രായവ്യത്യാസമുള്ള സംഘടനകളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അടുത്ത അക്കാഡമിക് വർഷം ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് വിഷയം ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണ്. എന്നാൽ സമയക്രമത്തിൽ അടുത്ത വർഷം മാറ്രം വരുത്തുമെന്ന് ആർക്കും ഉറപ്പു കൊടുത്തിട്ടില്ല. വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളിൽ രാവിലെയും വൈകിട്ടുമായി 15 മിനിട്ട് വീതം അരമണിക്കൂർ അധികസമയം ഉൾപ്പെടുത്തിയാണ് പിരീഡുകൾ ക്രമീകരിച്ചത്.
സി.എം.എസ്, കെ.പി.എസ്.എം.എ, എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ, മദ്രസാ ബോർഡ്, മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റി, എൽ.എം.എസ്, എസ്.എൻ ട്രസ്റ്റ് സ്‌കൂൾസ്, എസ്.എൻ.ഡി.പി യോഗം സ്‌കൂൾസ്, കേരള എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ, സമസ്ത ഇ.കെ വിഭാഗം, എ.പി വിഭാഗം, എൻ.എസ്.എസ് എന്നീ സംഘടനകളുമായാണ് ഇന്നലെ മന്ത്രി ചർച്ച നടത്തിയത്. ഗുജറാത്തിൽ 243ഉം, കർണാടകത്തിൽ 244ഉം, ഉത്തർപ്രദേശിൽ 233ഉം പ്രവൃത്തി ദിനമുണ്ടെന്നും മന്ത്രി പറഞ്ഞു.