ഗൂഗിൾ പേയ്ക്ക് ഉൾപ്പെടെ നിരക്ക് ഈടാക്കാൻ നീക്കം
തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺ പേ, വാട്സ് ആപ്പ് പേ, ആമസോൺ പേ തുടങ്ങിയ വിവിധ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ നീക്കം. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഒരു സംവാദത്തിൽ സൂചന നൽകി. എന്നാൽ, അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. കോടിക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഏറെ കൂടിയാലോചനകൾക്കു ശേഷമാകും കേന്ദ്രം തീരുമാനമെടുക്കുക. നിലവിൽ യു.പി.ഐ ഇടപാടുകൾ പൂർണമായും സൗജന്യമാണ്.
യു.പി.ഐ ഇടപാടുകൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ടെങ്കിലും അത് സീറോ എം.ഡി.ആർ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് നയം അനുസരിച്ച് സബ്സിഡിയായി കേന്ദ്രം നൽകുന്നതിനാലാണ് ഉപഭോക്താക്കളുടെ മേൽ ചുമത്താത്തത്. ഇതിനായി കേന്ദ്ര ബഡ്ജറ്റിൽ 1,500 കോടി വകയിരുത്തിയിട്ടുണ്ട്. എന്നാൽ, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നത് ദേശീയ നയമാണെങ്കിലും ദീർഘകാല സുസ്ഥിരത ഉറപ്പാക്കണമെങ്കിൽ ഭാവിയിൽ സബ്സിഡി ഒഴിവാക്കണമെന്നാണ് റിസർവ് ബാങ്ക് നിലപാട്. സബ്സിഡി നിറുത്തിയാൽ ബാങ്കുകൾക്ക് ഈ ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടിവരും.
ബാലൻസ് പരിശോധന
ഒരു ദിവസം 50 തവണ
ഓട്ടോ പേ, ബാലൻസ് പരിശോധന എന്നിവയിൽ ഉൾപ്പെടെ യു.പി.ഐ ഇടപാടിൽ വരുത്തുന്ന പുതിയ മാറ്റങ്ങൾ ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും. ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വർദ്ധിപ്പിക്കാനാണിത്
ഫോൺ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണയിൽ കൂടുതൽ കാണാനാകില്ല. ബാലൻസ് പരിശോധന ഒരു ദിവസം 50 തവണ മാത്രം
ഒരു ഇടപാടിന്റെ പേയ്‌മെന്റ് സ്റ്റാറ്റസ് മൂന്നു തവണ മാത്രമേ പരിശോധിക്കാനാകൂ. കുറഞ്ഞത് 90 സെക്കൻഡ് ഇടവേളയിലേ സ്റ്റാറ്റസ് കാണാനാകൂ
1,800 കോടി
രാജ്യത്ത് ഒരുമാസം
നടക്കുന്ന യു.പി.ഐ
ഇടപാടുകൾ
24 ലക്ഷം കോടി
ഒരു മാസം നടക്കുന്ന
ഇടപാട് തുക