പി.എം.കുസും പദ്ധതി: ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് അനർട്ട് സി.ഇ.ഒ

Saturday 26 July 2025 12:39 AM IST

തിരുവനന്തപുരം: അനർട്ടിൽ ക്രമക്കേട് നടന്നെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് അനർട്ട് വിശദമായ മറുപടി സർക്കാരിന് സമർപ്പിച്ചു. ചെന്നിത്തല ആരോപണം ഉന്നയിച്ചതിന് പിന്നാലെ അനർട്ടിലെ രേഖകൾ പരിശോധിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു.

അഞ്ച് കോടിയുടെ മാത്രം ടെണ്ടർ വിളിക്കാൻ അനുമതിയുണ്ടായിരിക്കെ, 240കോടിയുടെ ടെണ്ടർ വിളിച്ചത് ക്രമക്കേടാണെന്ന ആരോപണം ശരിയല്ലെന്ന് സി.ഇ.ഒ മറുപടിയിൽ

പറഞ്ഞു..ടെണ്ടർ വിളിക്കാൻ അനർട്ട് സി.ഇ.ഒയുടെ പരിധി 25 കോടിയാണ്. പി.എം.കുസും പദ്ധതിയിൽ നിരക്ക് നിർണ്ണയിച്ച് ടെണ്ടർ വിളിക്കുന്നതിന് സൗകര്യമൊരുക്കിക്കൊടുത്തു.. നബാർഡിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുകയാണ് ചെയ്തത്.അനർട്ടിൽ നിന്ന് രാജി വച്ച് ഇ.വൈ.കമ്പനിയിൽ ചേർന്ന താൽക്കാലിക ജീവനക്കാരന് ടെണ്ടറിന്റെ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ടെ ആരോപണം സി.ഇ.ഒ.നരേന്ദ്രനാഥ് വേലൂരി നിഷേധിച്ചു.

പി.എം.കുസും പദ്ധതിക്കായി കേന്ദ്രസർക്കാർ നൽകിയ സബ്സിഡി അഡ്വാൻസായ 23.4 കോടി രൂപ ചെലവാക്കാതിരുന്നതിനാൽ തിരിച്ചെടുത്തെന്ന ആരോപണം സി.ഇ.ഒ. നിഷേധിച്ചില്ല.ഇതിൽ 3.2 കോടി രൂപ മാത്രമാണ് ചെലവാക്കാനായത്. ബാക്കി തുക തിരിച്ചെടുക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. കുറഞ്ഞ തുക ടെണ്ടർ നൽകിയ കമ്പനികളെ ഒഴിവാക്കിയെന്നാണ് മറ്റൊരു ആരോപണം. ടെണ്ടറിൽ പങ്കെടുത്ത എല്ലാവരേയും പരിഗണിക്കുമെന്ന് ടെണ്ടർ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നെന്നും, അത് പാലിക്കുക മാത്രമാണ് ചെയ്തതെന്നും സി.ഇ.ഒ വ്യക്തമാക്കി.