പൈപ്പിലെ 'കാറ്റിനും' നിരക്ക് ഈടാക്കി വാട്ടർ സ്മാർട്ട് മീറ്റർ

Saturday 26 July 2025 12:46 AM IST

തിരുവനന്തപുരം: പൈപ്പിലൂടെ കുടിവെള്ളം കിട്ടാത്തപ്പോൾ വരുന്ന കാറ്റിനും റീഡിംഗ് രേഖപ്പെടുത്തി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വാട്ടർ അതോറിട്ടിയുടെ സ്മാർട്ട് മീറ്റർ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. ഇതുമൂലം പ്രതിമാസ നിരക്ക് ഇരട്ടിയാകുന്നു. വെള്ളമില്ലാത്ത സമയത്ത് പൈപ്പ് തുറന്നാലും സ്മാർട്ട് മീറ്റർ പ്രവർത്തിക്കുന്നതാണ് കാരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 2022 മുതൽ കോർപ്പറേഷൻ പരിധിയിൽ വിവിധയിടങ്ങളിലായി 8000ത്തോളം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിച്ചത്.

6,000 മുതൽ 8,000 രൂപവരെ വിലവരുന്ന സ്മാർട്ട് മീറ്റർ ഉപഭോക്താവ് തന്നെയാണ് വാങ്ങിവയ്ക്കേണ്ടത്. അതാണ് ഉപഭോക്താക്കൾക്കു തന്നെ ഇരുട്ടടിയായത്. ബില്ലിംഗ് കാര്യക്ഷമമാക്കുന്നതിനും കുടിവെള്ളത്തിന്റെ അമിത ചോർച്ച പരിഹരിക്കുന്നതിനുമാണ് സ്മാർട്ട് മീറ്റർ ഏർപ്പെടുത്തിയത്. ഇത് സംസ്ഥാന വ്യാപകമാക്കാൻ വാട്ടർ അതോറിട്ടി സർക്കാരിന് ശുപാർശ സമർപ്പിച്ചിരിക്കെയാണ് ഇതുസംബന്ധിച്ച ആക്ഷേപവും ഉയരുന്നത്.

ജി.എസ്.എം/ജി.പി.ആർ.എസ് സഹായത്തോടെയാണ് സ്മാർട്ട് മീറ്റർ പ്രവർത്തിക്കുന്നത്.

തിരുവനന്തപുരത്ത് 2.29 കോടിയുടെ പദ്ധതിയിൽ 27.42 ലക്ഷം ഇതിനകം ചെലവഴിച്ചു. പദ്ധതിയുടെ നിർവഹണത്തിനായി സ്മാർട്ട് സിറ്റി മിഷന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടിയിൽ ഡാറ്റാ സെന്ററും ഡാഷ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

കൊച്ചിയിൽ പരാജയം

കൊച്ചി നഗരസഭ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിൽ 60 മീറ്ററുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂതലത്തിൽ നിന്ന് താഴ്ത്തിയാണ് ഡിജിറ്റൽ മീറ്റർ വയ്ക്കേണ്ടത്. എന്നാൽ, കൊച്ചിയിൽ പലയിടത്തും വെള്ളക്കെട്ടായതിനാൽ മീറ്ററിലെ ബാറ്ററിയിൽ വെള്ളം കയറി പ്രവർത്തനരഹിതമായി.