മാധവ് ഗാഡ്ഗിലിന്റെ ഭാര്യ സുലോചന അന്തരിച്ചു

Saturday 26 July 2025 12:47 AM IST

ബംഗളൂരു: പ്രൊഫസർ മാധവ് ഗാഡ്ഗിലിന്റെ ഭാര്യയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അദ്ധ്യാപികയുമായിരുന്ന ഡോ. സുലോചന ഗാഡ്ഗിൽ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിൽ മകൻ പ്രൊഫ. സിദ്ധാർത്ഥ് ഗാഡ്ഗിലിന്റെ വസതിയിലായിരുന്നു അന്ത്യം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനെ കുറിച്ച് ആധികാരികമായി പഠിച്ച ശാസ്ത്രജ്ഞയാണ് സുലോചന.പൂനെ ഫെർഗൂസൺ കോളേജിലെ വിദ്യാർത്ഥിനിയായിരിക്കെയാണ് സുലോചന മാധവ് ഗാഡ്ഗിലിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഹാർവാഡ് സർവകലാശാലയിൽ നിന്ന് സ്കോളർഷിപ്പോടു കൂടി പി.എച്ച്ഡി നേടി. തുടർന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ (എം.ഐ.ടി) പ്രവർത്തിച്ച സുലോചന 1971ൽ ഇന്ത്യയിൽ തിരികയെത്തി. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിൽ രണ്ട് വർഷംജോലി ചെയ്തു. പിന്നാലെ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ (ഐ.ഐ.എസ്‌.സി) ജോലിയിൽ പ്രവേശിച്ചു.

മാധവ്- സുലോചന ദമ്പതികൾക്ക് ഒരു മകൾകൂടിയുണ്ട്. സംസ്കാരം നടന്നു.