സഹകരണത്തിൽ കേന്ദ്രം പിടിമുറുക്കുമെന്ന് ആശങ്ക
തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയതലത്തിൽ അപെക്സ് സ്ഥാപനമായി രൂപീകരിക്കുന്നതും നിയമനങ്ങൾക്കായി നാഷണൽ കോഓപ്പറേറ്റീവ് ഡിജിറ്റൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് രൂപീകരിക്കുന്നതും ഉൾപ്പെടെയുള്ള പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള കേന്ദ്രസഹകരണനയത്തിൽ സംസ്ഥാനത്തിന് ആശങ്ക.
രാജ്യത്ത് സഹകരണമേഖല ഏറ്റവും കൂടുതൽ ശക്തിപ്പെട്ടതും സാധാരണക്കാർക്ക് ഗുണകരമാകുന്നതും കേരളത്തിലാണ്.ഇതിന്റെ രാഷ്ട്രീയ മാനം കണക്കിലെടുത്താണ് കേന്ദ്രനീക്കം.
കേന്ദ്രത്തിന്റെ പുതിയ സഹകരണനയത്തെ കരുതലോടെ സമീപിക്കണമെന്നാണ് സംസ്ഥാന നിലപാട് എന്നറിയുന്നു.
ദേശീയ സഹകരണനയം ഫെഡറലിസത്തിലൂന്നിയാണ് രൂപീകരിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഭരണഘടനാപരമായി സഹകരണം സംസ്ഥാന വിഷയമാണെന്നുള്ള കാര്യം പരിഗണിക്കാതെയാണ് കേന്ദ്രസഹകരണ മന്ത്രി അമിത് ഷായുടെ നടപടി.
സംസ്ഥാന സഹകരണ നിയമത്തിലും സംഘങ്ങളുടെ ബൈലൊയിലും മാറ്റം വരുത്തണമെന്ന നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനത്തിന് അഭിപ്രായമുണ്ട്. ദേശീയ തലത്തിലുള്ള സംഘങ്ങളിൽ സംസ്ഥാനത്തെ പ്രാഥമിക സംഘങ്ങൾ അംഗത്വമെടുക്കണമെന്നുള്ളതും സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങൾ നാഷണൽ കോഓപ്പറേറ്റീവ് ഡാറ്റാ ബെയ്സിൽ നൽകണമെന്നുള്ളതടക്കമുള്ള നിർദ്ദേശങ്ങൾ, സംസ്ഥാന വിഷയമായ സഹകരണത്തിൽ കേന്ദ്രത്തിന് കടന്നുകയറാനുള്ള കുറുക്കുവഴിയാണ്.
കേരളത്തിലെ സംഘങ്ങൾക്കു സഹായം വേണമെങ്കിൽ ഈ അപെക്സ് ബാങ്കുകൾ വഴി മാത്രമേ ലഭിക്കൂവെന്ന നിയന്ത്രണം കൊണ്ടുവരുമെന്ന ആശങ്കയും സംസ്ഥാനത്തുണ്ട്.
കേന്ദ്രം മുന്നോട്ടുവച്ച ഏകീകൃത സോഫ്റ്റ്‌വെയർ, ഏകീകൃത നിയമാവലി എന്നിവയോടൊന്നും സംസ്ഥാനത്തിനു യോജിപ്പില്ല. ധനസഹായത്തിന് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടണമെന്നു വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രം നിർദേശിച്ചതുപോലെ സഹകരണത്തിലും പിടി വന്നേക്കുമെന്നാണ് ആശങ്ക.
നബാർഡ് വായ്പയിൽ
അടക്കം പിടിവീണേക്കാം
നബാർഡ് വഴി വർഷം 1400 കോടി രൂപയുടെ വായ്പാ സഹായമാണു സഹകരണ മേഖലയ്ക്കായി കേന്ദ്രം കേരളത്തിനു ലഭ്യമാക്കുന്നത്. നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോർപറേഷൻ (എൻ.സി.ഡി.സി) വഴിയും സംഘങ്ങളിൽ പണമെത്തുന്നു. കേന്ദ്രപദ്ധതിയായ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വഴി 2000 കോടിയുടെ പദ്ധതിയും നടന്നുവരികയാണ്. ഈ പണം ലഭിക്കുന്നതിനു പുതിയ സഹകരണ നയത്തിലെ നിബന്ധനകൾ പാലിക്കേണ്ടി വന്നേക്കാമെന്ന ഭീഷണിയും ഉണ്ടായേക്കാം.
"സംസ്ഥാന വിഷയമായ സഹകരണത്തിൽ കേന്ദ്രത്തിന് കടന്നുകയറാനുള്ള കുറുക്കുവഴികളാണ് ഇതിലൂടെ തേടുന്നത്"
വി.എൻ.വാസവൻ,സംസ്ഥാന സഹകരണ മന്ത്രി