കുറ്റവാളികളോട് മുഖ്യമന്ത്രിക്ക് മൃദുസമീപനം: ഷിബു ബേബിജോൺ

Saturday 26 July 2025 12:51 AM IST

തിരുവനന്തപുരം: ജയിലിലെ കൊടും കുറ്റവാളികളോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനം ഭാവി ജീവിതത്തെ ഓർത്തെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ആക്ഷേപിച്ചു. ഗോവിന്ദച്ചാമി ഫാഷൻ പരേഡിന് പോകുന്ന വേഷവിധാനത്തിൽ അതീവ സുരക്ഷയുള്ള ജയിലിൽ നിന്ന് ചാടിയത് ന്യായീകരിക്കാൻ സാധിക്കാത്തതാണ്. തൊഴിൽ നിഷേധിക്കുന്ന സർക്കാർ, നാടുവിടുന്ന യുവത എന്ന മുദ്രാവാക്യമുയർത്തി ആർ.വൈ.എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യുവജനങ്ങൾ ആഗ്രഹിക്കുന്ന സമ്പ്രദായമല്ല വിദ്യാഭ്യാസ തൊഴിൽ രംഗത്ത് ഇന്നുള്ളതെന്നും സാമൂഹിക സുരക്ഷയിലും ആരോഗ്യ മേഖലയിലും കേരളം കൈവരിച്ച നേട്ടം പുതു തലമുറയ്ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ഷിബു ബേബിജോൺ കൂട്ടിച്ചേർത്തു.

ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.എ.അസീസ്, ബാബു ദിവാകരൻ, ആർ.വൈ.എഫ് ദേശീയ പ്രസിഡന്റ് കോരാണി ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. ആശാൻ സ്‌ക്വയറിൽ നിന്നാരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റ് വളഞ്ഞു.