രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത് കമൽഹാസൻ
ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പാർലമെന്റിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലായിരുന്നു സത്യപ്രതിജ്ഞ. ഡി.എം.കെ പിന്തുണയോടെ ജൂൺ 12നാണ് 69കാരനായ കമൽഹാസൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ബഹുമാനത്തോടെ ഞാൻ ഈ കടമ നിറവേറ്റാൻ പോകുകയാണത. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും തമിഴ്‌നാടിനും ഇന്ത്യയ്ക്കും വേണ്ടി സംസാരിക്കാൻ പരമാവധി ശ്രമിക്കുമെന്ന്-അദ്ദേഹം പറഞ്ഞു.
2017ൽ മക്കൾ നീതി മയ്യം പാർട്ടി സ്ഥാപിച്ചെങ്കിലും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും തിളങ്ങാനായില്ല. ഡി.എം.കെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.