ഉദ്യോഗസ്ഥർ തടവുകാരുടെ തടവറയിൽ: സണ്ണി ജോസഫ്
Saturday 26 July 2025 12:56 AM IST
കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ ജയിൽ വകുപ്പ് കർശന നടപടിയെടുക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കണ്ണൂർ ഡി.സി.സി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മുകാരായ തടവുപുള്ളികളുടെ തടവറയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർ. ഇത്തരം ജയിൽ ചാട്ടങ്ങളും നിയമലംഘനങ്ങളും ഇവിടെ പതിവാകുകയാണ്. കർശന നടപടിയെടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ജയിൽ വകുപ്പിന്റെ പരാജയമാണ് കാണിക്കുന്നത്. ജയിൽ ഡി.ജി.പി ഇതിനു മറുപടി പറയണം. നാട്ടുകാർ മുന്നിട്ടിറങ്ങിയതിനാലാണ് ഗോവിന്ദച്ചാമിയെ പിടികൂടാൻ കഴിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.