അതിദരിദ്ര കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമിയും വീടും

Saturday 26 July 2025 12:56 AM IST
നഗരസഭയിൽ നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം കർമ്മം നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവ്വഹിക്കുന്നു

കരുനാഗപ്പള്ളി: നഗരസഭയിലെ അതി ദരിദ്രരായ നാലു കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമിയും വീടും നൽകുന്ന പദ്ധതിക്ക് തുടക്കമായി. വീടുകളുടെ തറക്കല്ലിടൽ നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഷഹ്ന നസിം അദ്ധ്യക്ഷയായി. നഗരസഭ സ്ഥിരം അദ്ധ്യക്ഷരായ എം. ശോഭന, ഡോ. പി. മീന, ഇന്ദുലേഖ, റെജി ഫോട്ടോ പാർക്ക്, മഹേഷ് ജയരാജ്, നഗരസഭ സെക്രട്ടറി സന്ദീപ്, എൻജിനീയർ ബിജു, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. സർക്കാർ കണ്ടെത്തിയ 32 അതിദരിദ്ര കുടുംബങ്ങളാണ് നഗരസഭയിൽ ഉള്ളത്. ഇതിൽ നാലുപേർക്കാണ് ഭൂമിയും വീടും ഇല്ലാത്തത്. നഗരസഭയുടെ അധീനതയിൽ കേശവപുരത്തുള്ള 28 സെന്റ് ഭൂമിയിൽ നിന്ന് മൂന്നുസെന്റ് ഭൂമിവീതം നാലുപേർക്ക് സൗജന്യമായി നൽകി. ഇതിൽ വീട് വെച്ച് നൽകും. ഭവന പദ്ധതി പ്രകാരം നാല് ലക്ഷം രൂപ വീതം നഗരസഭ മാറ്റിവച്ചിട്ടുണ്ട്. 5 ലക്ഷം രൂപ വീതം വിവിധ സന്നദ്ധ സംഘടനകൾ കൂടി പദ്ധതിക്കായി നഗരസഭയ്ക്ക് നൽകും.