ഡോ. നമ്പെരുമാൾസാമിയ്ക്ക് വിട

Saturday 26 July 2025 12:59 AM IST

ചെന്നൈ: മധുര ആസ്ഥാനമായുള്ള അരവിന്ദ് കണ്ണാശുപത്രിയുടെ ചെയർമാനും നേത്രരോഗ വിദഗ്ദ്ധനുമായ ഡോ. പി. നമ്പെരുമാൾസാമിക്ക് (85) വിട. ജന്മനാടായ തേനിയിലെ അംബാസമുദ്രത്തിൽ വച്ച് ഇന്നലെ സംസ്കാരച്ചടങ്ങുകൾ നടന്നു. 

മധുരയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അരവിന്ദ് ആശുപത്രി സ്ഥാപകാംഗമായ അദ്ദേഹം രാജ്യത്തെ ആദ്യ റെറ്റിന വിദഗ്ദ്ധനാണ്. 2010ൽ ടൈം മാസികയുടെ ലോകത്തെ 100 സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ചു. 2007ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ഡോ. ബി.സി റോയ് ദേശീയ പുരസ്കാരമടക്കം നിരവധി ബഹുമതികൾ ലഭിച്ചു.

മധുര മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷം യു.എസിൽ ഉപരിപഠനം നടത്തി. മധുര രാജാജി ഗവ. ആശുപത്രിയിൽ രാജ്യത്തെ ആദ്യ ലോവിഷൻ എയ്ഡ് സെന്റർ ആരംഭിച്ചു. തുടർന്ന് അരവിന്ദ് ആശുപത്രി റെറ്റിന ചികിത്സാകേന്ദ്രം സ്ഥാപിച്ചു. ഡയബറ്റിക് റെറ്റിനോപ്പതി ഗവേഷണത്തിനായി കേന്ദ്ര സർക്കാരിന്റെ വേൾഡ് ഡയബറ്റിസ് ഫൗണ്ടേഷനുമായി ചേർന്ന് സെന്റർ ഒഫ് റെലവൻസ് ആൻഡ് എക്സലൻസ് ഇൻ ഡയബറ്റിക് റെറ്റിനോപ്പതിക്ക് തുടക്കമിട്ടു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ,ഗവർണർ ആർ.എൻ. രവി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ:നാച്ചിയാർ. മക്കൾ:വെങ്കടേഷ് പ്രജ്ന,വിഷ്ണു പ്രസാദ്.