തെന്മല പരപ്പാർ ഡാം ഇന്ന് തുറക്കും
Saturday 26 July 2025 1:00 AM IST
പുനലൂർ: കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. പകൽ 11നാണ് ഇരുഷട്ടറുകളും തുറന്ന് കല്ലടയാറ്റിലേക്ക് ജലം ഒഴുക്കുക. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള റൂൾ കർവ് പ്രകാരമുള്ള ജല ക്രമീകരണത്തിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4ന് 108.51മീറ്ററാണ് ജലനിരപ്പ്. ഷട്ടറുകൾ 80 സെന്റിമീറ്റർ വരെ പടി പടിയായി ഉയർത്തും. ഇതോടെ കല്ലടയാറ്റിലെ ജലനിരപ്പ് 70 സെന്റി മീറ്റർ വരെ ഉയരാൻ സാദ്ധ്യതയുണ്ട്. ഒഴുക്കും വർദ്ധിക്കും. കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കല്ലട ജലസേചന പദ്ധതി അധികൃതർ മുന്നറിയിപ്പ് നൽകി.