സിംഗിൾയൂസ് പ്ലാസ്റ്റിക് നിരോധനം കർശനമാക്കണം: ഹൈക്കോടതി
കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. സിംഗിൾയൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വിലക്കി സർക്കാർ 2019 നവംബർ 27ന് പുറപ്പെടുവിച്ച സർക്കുലർ ചോദ്യംചെയ്യുന്ന ഹർജികൾ ജസ്റ്റിസ് വിജു എബ്രഹാം തള്ളി. നിരോധനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെടുന്ന ഹർജികളും കോടതി പരിഗണിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ച സർക്കാർ ഉത്തരവും ഇതുസംബന്ധിച്ച കേന്ദ്രചട്ടങ്ങളും കർശനമായി നടപ്പാക്കാൻ അധികൃതർക്ക് ബാദ്ധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. കേരള പേപ്പർകപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ അടക്കമുള്ളവരാണ് സർക്കാരിന്റെ നിരോധന ഉത്തരവിനെ ചോദ്യംചെയ്തത്. എന്നാൽ ഇത്തരത്തിലുള്ള നിരോധനം തമിഴ്‌നാട് ആൻഡ് പോണ്ടിച്ചേരി പേപ്പർ കപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ നൽകിയ കേസിൽ സുപ്രീംകോടതി ശരിവച്ചതാണെന്ന് സർക്കാർ വാദിച്ചു. സിംഗിൾയൂസ് പ്ലാസ്റ്റിക് വിലക്കുന്ന ചട്ടങ്ങൾക്ക് വനം പരിസ്ഥിതി മന്ത്രാലയം 2021ൽ രൂപം നൽകിയതായി കേന്ദ്രസർക്കാരും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികൾ സിംഗിൾബെഞ്ച് തള്ളിയത്.