എൽസ 3 സാൽവേജ് ഓപ്പറേഷൻ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച്
കൊല്ലം: അറബിക്കടലിൽ കേരള തീരത്ത് മുങ്ങിയ എം.എസ്.സി എൽസ- 3 കപ്പലിൽ നിന്ന് ഇന്ധനവും അപകടകരമായ രാസവസ്തുക്കളടക്കം അടങ്ങിയ കണ്ടെയ്നറുകളും കരയ്ക്കെത്തിക്കാനുള്ള സാൽവേജ് ഓപ്പറേഷന്റെ തീരസേവനം കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് നടക്കും.
ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ നിർദ്ദേശ പ്രകാരം കൊല്ലം പോർട്ടിൽ തീരസേവനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങി. സാൽവേജ് ഓപ്പറേഷനിൽ പങ്കെടുക്കുന്ന വിദഗ്ദ്ധർ കപ്പൽ മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പോകുന്നതും തിരിച്ചുവരുന്നതും കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും. ഇതിന് പുറമേ സാൽവേജ് ഓപ്പറേഷന് എത്തിക്കുന്ന കൂറ്റൻ കപ്പലിന് ഇന്ധനം, അതിലെ ഉദ്യോഗസ്ഥർക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ എത്തിക്കുന്നതും കൊല്ലം പോർട്ടിൽ നിന്നാകും.
കപ്പൽ മുങ്ങിയ ഭാഗത്തേക്ക് ബോട്ടുകളും മറ്റ് കപ്പലുകളും എത്താതിരിക്കാൻ നിലവിൽ ബാർജുകൾ റോന്ത് ചുറ്റുന്നുണ്ട്. ഇവയും ബങ്കറിംഗിനും കുടിവെള്ളം, ഭക്ഷണം എന്നിവ ശേഖരിക്കാനും കൊല്ലം പോർട്ടിൽ നിരന്തരമെത്തും. ബാർജുകൾ, ടഗ്ഗുകൾ സാൽവേജ് ഓപ്പറേഷൻ നടത്തുന്ന കപ്പൽ എന്നിവയിലെ ജീവനക്കാരുടെ ക്രൂ ചെയ്ഞ്ചിംഗും കൊല്ലം പോർട്ടിലാണ്.
മൂന്നാഴ്ചയ്ക്കുള്ളിൽ ഓപ്പറേഷൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന. സാൽവേജ് ഓപ്പറേഷൻ പൂർത്തിയാകുന്നതുവരെ എമിഗ്രേഷൻ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെ താത്കാലികമായി നിയമിക്കും.
മറ്റ് യാനങ്ങളുടെ വരവ് കുറവ്
ദൗത്യസ്ഥലത്തേക്ക് 35 നോട്ടിക്കൽ മൈൽ ദൂരം
എമിഗ്രേഷൻ ചെക്ക് പോയിന്റുണ്ട് കണ്ടെയ്നറുകൾ സംഭരിക്കാനുള്ള സൗകര്യം സേവനങ്ങൾക്ക് കുറഞ്ഞ നിരക്ക്
കൊച്ചിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ
കപ്പലുകളുടെ തിരക്കുള്ളതിനാൽ പ്രതികൂലമാകും
ഇന്ധനവും കണ്ടെയ്നറുകളും കൊല്ലം പോർട്ടിൽ
മുങ്ങിയ കപ്പലിൽ നിന്ന് ബാരലിൽ ശേഖരിക്കുന്ന ഇന്ധനവും കണ്ടെയ്നറുകളും ബാർജുകളിൽ കൊല്ലം പോർട്ടിൽ എത്തിക്കും. കസ്റ്റംസ് പരിശോധനകൾക്ക് ശേഷം ഇവ കപ്പൽ കമ്പനിക്ക് കൈമാറും. കപ്പൽ മുങ്ങിയതിന് പിന്നാലെ കടലിൽ പതിച്ച് കൊല്ലം, ആലപ്പുഴ ജില്ലയുടെ തീരങ്ങളിലടിഞ്ഞ കണ്ടെയ്നറുകൾ കൊല്ലം പോർട്ടിലാണ് സംഭരിച്ചിരിക്കുന്നത്.
വെയർഹൗസ് വിസ്തീർണം
1450 ചതുരശ്ര മീറ്റർ
യാർഡ് വിസ്തീർണം
16000 ചതുരശ്ര മീറ്റർ
ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ നിർദ്ദേശം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിനെ അറിയിച്ചിരുന്നു. അവിടെ നിന്നുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയിൽ എമിഗ്രേഷൻ ഓഫീസലടക്കം നിർദ്ദേശിച്ച നേരിയ അറ്റകുറ്റപ്പണികൾ അന്തിമഘട്ടത്തിലാണ്.
എൻ.എസ്.പിള്ള, ചെയർമാൻ
കേരള മാരിടൈം ബോർഡ്