ശബരിമലയിൽ ഇനി മിൽമ നെയ്യ്

Saturday 26 July 2025 1:03 AM IST

തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല, പമ്പ, നിലയ്ക്കൽ ക്ഷേത്രങ്ങളിൽ പ്രസാദം തയ്യാറാക്കുന്നതിന് ആവശ്യമായ നെയ്യ് നൽകുന്നതിനുള്ള ഒാർ‌ഡർ മിൽമയ്ക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ മിൽമ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

കോയമ്പത്തൂരിലെ ബെസ്റ്റ് ഫുഡ് ഏജൻസിക്കാണ് നിലവിലെ കരാർ. എന്നാൽ, ഇതിന്റെ ഗുണമേന്മയിൽ ദേവസ്വം ബോർഡ് തൃപ്തിക്കുറവ് അറിയിച്ചിരുന്നു. മിൽമ നെയ്യിന്റെ ഉയർന്ന ഗുണനിലവാരം ബോർഡിന്റെ ഉന്നതാധികാര അവലോകന സമിതി ഉറപ്പുവരുത്തി. മിൽമയുടെ തിരുവനന്തപുരം മേഖല യൂണിയനാണ് വിതരണം ചെയ്യുക. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മിൽമ സ്റ്റാളുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശവും ബോർഡ് പരിഗണിക്കുന്നുണ്ട്.

ഭക്തർക്ക് ഗുണനിലവാരമുള്ള നെയ്യിൽ തയ്യാറാക്കിയ പ്രസാദം വിതരണം ചെയ്യുന്നതിനാണ് മിൽമയുമായി ധാരണയിലെത്തിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും, ബോർഡ് അംഗം അജികുമാറും അറിയിച്ചു. സംസ്ഥാനത്ത് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങൾക്ക് ആവശ്യമുള്ള പാൽ,തൈര്, നെയ്യ്, വെണ്ണ തുടങ്ങിയവ മിൽമയിൽ നിന്ന് വാങ്ങണമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകിയിരുന്നു.

''മിൽമ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നത്

-കെ.എസ്. മണി,

മിൽമ ചെയർമാൻ

2,20,000 ലിറ്റർ

മണ്ഡല, മകരവിളക്ക്

സീസണിൽ വേണ്ട നെയ്യ്