കേരളം കണ്ണീരണിഞ്ഞ ദിനം
കണ്ണൂർ: 2011 ഫെബ്രുവരി ഒന്നിനാണ് കേരളത്തെ കരയിച്ച ആ ദിനം. കൊച്ചിയിൽ നിന്നു വീട്ടിലേക്കു പോവുകയായിരുന്ന ഷൊർണൂർ സ്വദേശിയായ 23കാരിയെ വള്ളത്തോൾനഗർ റെയിൽവേ സ്‌റ്റേഷനു സമീപത്തുവച്ച് പ്രതി ഗോവിന്ദച്ചാമി ട്രെയിനിൽ നിന്നു തള്ളിയിട്ടു. പിന്നാലെ ചാടിയിറങ്ങി മറ്റൊരു പാളത്തിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കി. കൃത്യത്തിനുശേഷം യുവതിയുടെ മൊബൈലും പഴ്സിലെ പണവും കവർന്ന് ഇയാൾ രക്ഷപ്പെട്ടു. ഒരു മണിക്കൂറിനുശേഷം അവശയായ യുവതിയെ കണ്ടെത്തിയ പരിസരവാസികൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
2011 ഫെബ്രുവരി 4: പ്രതി ഗോവിന്ദച്ചാമിയെ പാലക്കാട്ടു നിന്ന് പൊലീസ് അറസ്റ്റു ചെയ്തു.
ഫെബ്രുവരി 6: മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പിറ്റേന്നു നടക്കാനിരുന്ന പെണ്ണുകാണൽ ചടങ്ങിനായി പുറപ്പെട്ടപ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. ഒറ്റക്കയ്യനാണ് അക്രമിച്ചതെന്ന് യുവതി ബോധം നഷ്ടപ്പെടും മുമ്പ് പറഞ്ഞിരുന്നു.
2011 ഏപ്രിൽ 19: ഐ.ജിയായിരുന്ന ബി.സന്ധ്യയുടെ മേൽനോട്ടത്തിൽ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
ഒക്ടോബർ 31: തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.
നവംബർ 11: ജഡ്ജി കെ. രവീന്ദ്ര ബാബു ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു.
2013 ഡിസംബർ 17: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വധശിക്ഷ ശരിവച്ചു.
2014 ജൂലായ് 29: സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്തു.
2016 സെപ്തംബർ 15: കുറ്റം സംശയാതീതമായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കാട്ടി സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
2017 ഏപ്രിൽ: സർക്കാർ നൽകിയ പിഴവുതിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളി.