സർക്കാരിന് നാണക്കേടായി കണ്ണൂർ ജയിൽ ‌ചാട്ടം

Saturday 26 July 2025 1:31 AM IST

കണ്ണൂർ: കേരളത്തിലെ പഴക്കമേറിയതും മുഖ്യതടവറകളിലൊന്നുമായ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച ആഭ്യന്തര വകുപ്പിന് നാണക്കേടായി. 1869ൽ സ്ഥാപിതമായ ജയിലിന് ഏകദേശം 70 ഏക്കറോളം വിസ്തൃതിയുണ്ട്. 35 ഏക്കറോളം ചുറ്റുമതിൽ കെട്ടി തിരിച്ച് തടവുകാരെ പാർപ്പിച്ചിരിക്കുന്നു.കണ്ണൂർ ജയിലിൽ ഉൾക്കൊളളാവുന്ന തടവുകാരുടെ എണ്ണം, 948 ആണ്. നിലവിൽ 1113 പേരുണ്ട് . ആനുപാതികമായി ജീവനക്കാരില്ലെന്ന പരാതി നേരത്തേയുണ്ട്. പത്ത് ബ്ലോക്കുകളുണ്ട്. ഗോവിന്ദച്ചാമി ഉണ്ടായിരുന്നത് അതിസുരക്ഷാ ബ്ലോക്കായ പത്തിൽ. 68 സെല്ലുകളാണ് ഇവിടെയുള്ളത്. ചിലതിൽ രണ്ടു തടവുകാർ ചിലതിൽ ഒരു തടവുകാരൻ മാത്രം. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടിയാണ് ആ സെല്ലിൽ ഒരാളെ കൂടി താമസിപ്പിച്ചിരുന്നത്. അതിസുരക്ഷാ ജയിലിനെ മറ്റ് ഭാഗത്ത് നിന്ന് വേർതിരിക്കുന്ന ചെറുമതിലുണ്ട്.അത് ചാടിയ ഗോവിന്ദച്ചാമി പുറത്തെത്തിയത് പകർച്ചവ്യാധിയുളള തടവുകാരെ പാർപ്പിക്കുന്ന ഭാഗം വഴിയാണ്.

ജനം ജാഗ്രതയോടെ പ്രവർത്തിച്ചു: കമ്മിഷണർ

കണ്ണൂർ: അതിവേഗം പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിധിൻ രാജ്. മാദ്ധ്യമങ്ങളും പൊതുജനവും വലിയ ജാഗ്രത കാണിച്ചു. മാദ്ധ്യമങ്ങൾ ജനങ്ങളിലേക്ക് വളരെ വേഗം വിവരമെത്തിച്ചു. സി.സി ടിവി ദൃശ്യം പരിശോധിച്ചതിൽ നിന്ന് നാലേകാലിനാണ് ജയിൽചാടിയതെന്ന് വ്യക്തമായി. വിവരം പൊലീസിന് ലഭിക്കുന്നത് ആറരയ്ക്ക് ശേഷമാണ്. അപ്പോൾ മുതൽ ജാഗ്രതയോടെ പ്രവർത്തിച്ചു. ശ്രമകരമായ ദൗത്യമായിരുന്നു. മൂന്നര മണിക്കൂർകൊണ്ട് ഗോവിന്ദച്ചാമിയെ പിടികൂടി. ഗോവിന്ദച്ചാമി 20 ദിവസത്തോളമായി ആസൂത്രണം നടത്തിയിരുന്നു. ജയിൽ ചാടാനായി ഉപയോഗിച്ചെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തി. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അറിയിച്ചു. മാദ്ധ്യമങ്ങളോടും ജനങ്ങളോടും കമ്മിഷണർ നന്ദി പറഞ്ഞു.