ഗോവിന്ദച്ചാമിയുടെ ഭീഷണി 'മിണ്ടരുത്, കുത്തിക്കൊന്നുകളയും''
കണ്ണൂർ: തളാപ്പിലെ എൽ.ഐ.സി ഓഫീസിനു സമീപത്തെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനും വിമുക്തഭടനുമായ എം.ഉണ്ണിക്കൃഷ്ണനാണ് ഇയാളെ കിണറ്റിൽ കണ്ടത്. കിണറ്റിനു സമീപത്തെ കെട്ടിടത്തിൽക്കയറി അതിനോടു ചേർന്നുള്ള ഷീറ്റിന് മുകളിൽ കയറിയശേഷമാണ് കിണറ്റിലേക്ക് ചാടുന്നത്.
ഷീറ്റിൽ ചാടിയ ശബ്ദം ഉണ്ണിക്കൃഷ്ണൻ കേട്ടിരുന്നു. ശബ്ദമെന്തെന്ന് അറിയാനാണ് അദ്ദേഹം കിണറ്റിനരികിലേക്ക് എത്തിയത്. കിണറ്റിലെ കയറിൽ പിടിച്ച് വെള്ളത്തിലേക്ക് മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന ഗോവിന്ദച്ചാമിയെയാണ് ഉണ്ണിക്കൃഷ്ണൻ കണ്ടത്. മിണ്ടിയാൽ കുത്തി കൊന്നുകളയുമെന്ന് ഗോവിന്ദച്ചാമി ഭീഷണി മുഴക്കിയതായി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തുടർന്ന് ശബ്ദമുണ്ടാക്കി കിണറ്റിനരികിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിച്ചു. 20 മിനിറ്റിനുള്ളിൽ ഇയാളെ പുറത്തെടുത്തുവെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
'ഒരു കൈ ഇല്ലായിരുന്നു; ആളു കൂടിയപ്പോൾ മതിൽ ചാടി ഓടി "
ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ രാവിലെ 9ഓടെ കണ്ടിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ മൊഴി നൽകി. മധു എന്ന ഓട്ടോ ഡ്രൈവറാണ് ഇയാളെ ആദ്യം കണ്ടത്. ഒരു കൈ ഇല്ലായിരുന്നെന്നും അത് ഒളിച്ചുവച്ചിരുന്നെന്നും മധു പറഞ്ഞു. തലയിൽ ഒരു കെട്ടുമായി റോഡിലൂടെ ഒരു കൂസലുമില്ലാതെ നടക്കുകയായിരുന്നു. സംശയം തോന്നിയ മധു ഗോവിന്ദച്ചാമി പോകുന്നു എന്ന് വിളിച്ചുപറഞ്ഞു. പേര് കേട്ടതോടെ ഇയാൾ കാടു മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് ഓടിക്കയറി. റോഡിന്റെ വശത്തുകൂടി നടന്നുവരുന്നത് കണ്ടെന്നും യാചകനെപ്പോലെ തോന്നിയെന്നും മറ്റൊരു ദൃക്സാക്ഷിയായ വിനോജും പറഞ്ഞു.