തൂക്കിലേറ്റണമായിരുന്നു: കൊല്ലപ്പെട്ട യുവതിയുടെ അമ്മ
Saturday 26 July 2025 1:37 AM IST
ഷൊർണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ അധികൃതരുടെ ഒത്താശയുണ്ടെന്നും ഇയാളെ തൂക്കിലേറ്റാൻ വിധിക്കണമായിരുന്നെന്നും കൊല്ലപ്പെട്ട യുവതിയുടെ അമ്മ പ്രതികരിച്ചു. കേരളത്തിൽ പീഡനത്തിനിരയാവുന്ന പെൺമക്കളുടെ തോരാക്കണ്ണീരിന് പരിഹാരമാകാൻ ഇത്തരം കുറ്റവാളികൾക്ക് കടുത്തശിക്ഷ നൽകിയേ പറ്റൂ. ജയിലിൽ നിന്ന് നല്ല സഹായം ലഭിച്ചിട്ടുണ്ട്. ഒറ്റക്കൈ മാത്രമുള്ള ആൾക്ക് ഒറ്റയ്ക്ക് ഇതൊന്നും സാദ്ധ്യമല്ലെന്ന് സാമാന്യ ബുദ്ധിയുള്ളവർക്കെല്ലാം മനസിലാവും. മാത്രമല്ല സഹായിക്കാൻ കൂട്ടിന് ആളുണ്ടാവാൻ സാദ്ധ്യതയുണ്ട്. അതാരെല്ലാമെന്ന് കണ്ടെത്തണം. ഗോവിന്ദച്ചാമിയെ പിന്നീട് പിടികൂടിയപ്പോഴും ഇതു തന്നെയാണ് ആവർത്തിച്ചത്. അർഹിക്കുന്ന ശിക്ഷ കിട്ടിയില്ല. സഹായികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മകളുടെ മരണത്തോടെ തകർന്ന ഇവർ, ഒറ്റപ്പെട്ട ജീവിതമാണ് കവളപ്പാറ കാരക്കാടുള്ള വീട്ടിൽ നയിക്കുന്നത്.