3 വർഷം, ജയിൽ ചാടിയത് 30 പേർ പിടികിട്ടാനുള്ളത് 12 പേരെ ഒത്താശ അകത്തും പുറത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ ജയിൽ ചാടിയത് മുപ്പതോളം പേർ. കൂടുതലും ജില്ലാ, സബ് ജയിലുകളിൽ നിന്ന്. അതീവസുരക്ഷയുള്ള സെൻട്രൽ ജയിലുകളും ചാടിക്കടക്കുന്നവരുണ്ട്. ചികിത്സയ്ക്ക് കൊണ്ടുപോവുമ്പോഴും ജോലിക്ക് നിയോഗിച്ചിടത്തു നിന്നുമാണ് ഏറെപ്പേരും രക്ഷപെട്ടത്. 12പേരെ പിടികൂടാനുണ്ട്. ജയിൽ ചാട്ടം പലപ്പോഴും ഉദ്യോഗസ്ഥരുടെയും പുറത്തുള്ളവരുടെയും ഒത്താശയോടെയാണ്.
ജയിലിൽ നല്ലനടപ്പ് നയിച്ച്, ജീവനക്കാരുടെ വിശ്വാസം നേടിയെടുത്തശേഷം ചാടുന്നവരുമുണ്ട്. സെൻട്രൽ ജയിലുകളിലെ സുരക്ഷാപഴുത് മുതലെടുത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ 2010ജൂണിൽ കണ്ണൂരിൽ നിന്നും 2013ജൂണിൽ പൂജപ്പുരയിൽ നിന്നും കടന്നുകളഞ്ഞിരുന്നു. സഹതടവുകാരനായ ഊപ്പ പ്രകാശിനൊപ്പം മുണ്ടുകൾ കൂട്ടിക്കെട്ടി പൂജപ്പുര ജയിൽവളപ്പിൽ കൃഷിചെയ്‌തിരുന്ന വാഴയുടെ ഊന്നുകമ്പുകൾ ഉപയോഗിച്ചായിരുന്നു തടവുചാട്ടം. ഇരുവരും പിന്നീട് പിടിയിലായി.
ഇതിനുശേഷം സെൻട്രൽ ജയിൽ മതിലിന്റെ ഉയരം 22അടിയാക്കി. അതിനുമുകളിലായി മൂന്ന്അടി ഉയരത്തിൽ വൈദ്യുതിവേലിയും സ്ഥാപിച്ചു. കഴിഞ്ഞ ആഗസ്റ്റിലും പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ചാടിപ്പോയിരുന്നു. ജീവപര്യന്തം അനുഭവിക്കുന്ന ഇടുക്കി സ്വദേശി മണികണ്ഠൻ ജയിലിൽ ചപ്പാത്തി യൂണിറ്റിലെ ജോലിക്കിടെയാണ് ചാടിയത്. കൊവിഡ് കാലത്ത് രക്ഷപെട്ട 17പേരിൽ 5പേരെ പിടികൂടിയാനായിട്ടില്ല.
ജയിലിലെ നിർമ്മാണ ജോലികൾക്ക് തടവുകാരെയാണ് നിയോഗിക്കുന്നത്. പൂജപ്പുരയിൽ ജയിൽ മതിൽകെട്ടിന് പുറത്തായാണ് ഉത്പാദന യൂണിറ്റുകളുള്ളത്. ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റിയാണ് തടവുകാർ ഇവിടങ്ങളിലെ ജോലി തരപ്പെടുത്തുന്നത്. നല്ലനടപ്പ് ചമഞ്ഞ് അമിതമായ സ്വാതന്ത്ര്യം നേടിയെടുക്കുന്നവരാണ് തരംകിട്ടുമ്പോൾ ജയിൽ ചാടുന്നത്.
ജയിൽചാടിയ
വനിതകൾ
സംസ്ഥാനത്താദ്യമായി തടവുചാടിയ വനിതകൾ പാലോട് ഊന്നുമ്പാറ സ്വദേശി ശിൽപ, വർക്കല സ്വദേശി സന്ധ്യ എന്നീ യുവതികളാണ്. തിരുവനന്തപുരം നഗരമദ്ധ്യത്തിലുള്ള അട്ടക്കുളങ്ങര വനിതാ ജയിലിൽ വിചാരണ തടവുകാരായിരുന്നു ഇരുവരും. ജയിലിനു പിറകിൽ ബയോഗ്യാസ് പ്ളാന്റിലെ മാലിന്യം ഇളക്കാനായി സൂക്ഷിച്ച ഇരുമ്പുകമ്പിയിൽ നനഞ്ഞ തോർത്ത് കെട്ടി ചവിട്ടുപടിയുണ്ടാക്കി ഇതുവഴി മതിലിനു മുകളിലെത്തി സമീപത്തെ കെട്ടിടത്തിലേക്ക് ചാടിയാണ് ഇരുവരും രക്ഷപെട്ടത്. രണ്ടു ദിവസത്തിനുശേഷം പിടിയിലായി.