ദേശീയ വിദ്യാഭ്യാസ ചിന്തൻ ബൈഠക്കിന് ആദിശങ്കര നിലയത്തിൽ തുടക്കം
കൊച്ചി: ദേശീയ വിദ്യാഭ്യാസ ചിന്തൻ ബൈഠക്കിന് പിറവം ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആസ്ഥാനമായ ആദിശങ്കര നിലയത്തിൽ തുടക്കമായി. ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്തു. ശിക്ഷ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജ്ഞാനസഭയ്ക്ക് മുന്നോടിയായാണ് ചിന്തൻ ബൈഠക്ക് . ഭാരതീയ ജ്ഞാന പരമ്പര, ഭാരതീയ ഭാഷകളുടെ ബോധനം, ഭാരതീയ ഗണിതം, നൈപുണ്യവികസനം, സ്വഭാവരൂപവത്കരണം, വ്യക്തിത്വവികസനം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി.
അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റിസ് സെക്രട്ടറി ജനറലും ശിക്ഷ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ അദ്ധ്യക്ഷയുമായ ഡോ. പങ്കജ് മിത്തൽ, ശിക്ഷ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ ജനറൽ സെക്രട്ടറി ഡോ. അതുൽ കോത്താരി, ദേശീയ സംയോജകൻ എ. വിനോദ്, ദേശീയ സഹ സംയോജകൻ സഞ്ജയ് സ്വാമി എന്നിവർ സന്നിഹിതരായിരുന്നു. രണ്ടുദിവസത്തെ ദേശീയ ചിന്തൻ ബൈഠക്കിൽ പങ്കെടുക്കാൻ എത്തിയ മോഹൻ ഭാഗവതിനെ ചിന്മയ മിഷൻ കേരള ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആചാര്യൻ സ്വാമി ശാരാദാനന്ദ സരസ്വതി, സ്വാമി ചിദ് രൂപാനന്ദ, ചിന്മയ സംസ്‌കൃത ഗവേഷണ കേന്ദ്രം റിസർച്ച് സെന്റർ ഡയറക്ടർ ഡോ. പി.എൻ സുദർശൻ, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. എൻ.സി. ഇന്ദുചൂഡൻ എന്നിവർ പൂർണകുംഭം നൽകി സ്വീകരിച്ചു.