അച്ഛനില്ലാത്ത ആദ്യ പിറന്നാൾ, നൊമ്പരത്തോടെ അരുണും ആശയും

Saturday 26 July 2025 2:04 AM IST

ആലപ്പുഴ: ''ഞങ്ങളുടെ ജന്മദിനത്തിന് കാത്തുനിൽക്കാതെ അച്ഛൻ യാത്രയായി. വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു''- വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാർ സമൂഹമാദ്ധ്യമത്തിൽ കുറിച്ച വരികളാണിത്. വി.എസിന്റെ രണ്ട് മക്കളുടെയും ജന്മദിനമായിരുന്നു ഇന്നലെ. രണ്ട് വർഷങ്ങളുടെ വ്യത്യാസത്തിൽ ഒരേ തീയതിയിലാണ് ആശയും അരുണും ജനിച്ചത്.

''പുന്നപ്രയിലെ വീട്ടിലായിരുന്നപ്പോൾ അമ്മ മിഠായി വാങ്ങിത്തരുന്നതായിരുന്നു പിറന്നാൾ സ്പെഷ്യൽ. തിരക്കിനിടെ ദിവസം ഓർത്തുവച്ച് വിളിക്കാൻ അച്ഛന് സാധിച്ചിരുന്നില്ല. പക്ഷേ, ഇടയ്ക്ക് വരുന്ന ഫോൺവിളികൾ വലിയ സന്തോഷം പകരുമായിരുന്നു. തിരുവനന്തപുരത്ത് താമസമാക്കിയതിൽ പിന്നെയാണ് അച്ഛനൊപ്പമുള്ള പിറന്നാൾ ദിനങ്ങളുണ്ടായത്. കേക്ക് കാണുന്നതു തന്നെ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ്. പക്ഷേ, പിറന്നാളിനോടനുബന്ധിച്ച് കേക്ക് വാങ്ങി മുറിക്കുന്ന പതിവൊന്നുമുണ്ടായിരുന്നില്ല. ഇന്നത്തെ കുട്ടികളാണ് അത്തരം ആഘോഷങ്ങൾ നടത്താൻ ഭാഗ്യം കിട്ടിയവർ. അച്ഛന്റെ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും പ്രയാസപ്പെടുകയാണ്''- അരുൺ കുമാർ പറഞ്ഞു.

ഇന്നലെ രാവിലെയും അരുൺ വി.എസ് അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി. ഓർമ്മകളുമായി അൽപ്പനേരം നിന്നു. സഹോദരി ആശ വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് മടങ്ങി. ആശയുടെ മകൾ ആതിരയും ഭർത്താവ് മുകേഷും ഒരേ തീയതിയിൽ ജനിച്ചവരാണെന്നതാണ് കുടുംബത്തിലെ മറ്റൊരു കൗതുകം. വി.എസിന്റെ ഭാര്യ വസുമതിയും മകൻ അരുണും കുടുംബവും നാളെ തിരുവനന്തപുരത്തേക്ക് മടങ്ങും.

വ്യാഴാഴ്ച മുറിക്കുള്ളിൽ വീണതിനെത്തുടർന്ന് വസുമതിയുടെ കാൽവിരലുകൾക്ക് നേരിയ വേദനയുള്ളതിനാലാണ് യാത്ര മാറ്റിയത്.

നിറചിരിയോടെയുള്ള ഫ്ളക്സ് ഇനി വേലിക്കകത്ത് വീട്ടിൽ

പൊതുദർശനം നടന്ന ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ സർക്കാർ സ്ഥാപിച്ച, നിറചിരിയോടെയുള്ള വി.എസ്. അച്യുതാനന്ദന്റെ കൂറ്റൻ ഫ്ലക്സ് ബോർഡ് ഇനി പറവൂരിലെ വേലിക്കകത്തു വീട്ടിൽ നിലകൊള്ളും. വി.എസിന്റെ ജീവസ്സുറ്റ ചിത്രത്തോട് വല്ലാത്ത അടുപ്പം തോന്നിയ മകൻ വി.എ. അരുൺകുമാർ ജില്ലാ ഭരണകൂടത്തോട് ചോദിച്ച് വാങ്ങിയാണ് വീട്ടിലെത്തിച്ചത്.

'എത്രനാൾ ഫ്ലക്സിന് ആയുസുണ്ടാകുമെന്നറിയില്ല. കഴിയുന്നത്രകാലം ഇവിടിരിക്കട്ടെ. ചിത്രം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു' -അരുൺകുമാർ പറഞ്ഞു. വി.എസിന്റെ സംസ്കാരം കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും വേലിക്കകത്ത് വീട്ടിലേക്കും വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലേക്കുമുള്ള ആളൊഴുക്ക് കുറഞ്ഞിട്ടില്ല. നേതാക്കളും വീട്ടിലേക്ക് എത്തുന്നുണ്ട്.

മരണവിവരം അറിഞ്ഞ നിമിഷം മുതൽ മുൻമന്ത്രി ജി.സുധാകരന്റെ സജീവ സാന്നിദ്ധ്യം ഇവിടെയുണ്ട്. വലിയ ചുടുകാട്ടിലേക്ക് രാപകൽ വ്യത്യാസമില്ലാതെയാണ് ജനങ്ങൾ എത്തുന്നത്.

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഇന്നലെ രാവിലെ വേലിക്കകത്ത് വീട്ടിലെത്തി അനുശോചനമറിയിച്ചു.