പാക് ആക്രമണത്തിൽ കാൽ നഷ്‌ടപ്പെട്ട മലയാളി, ഇന്ന് പോരാട്ടം മറ്റൊരു മേഖലയിൽ; മനോവീര്യം തകരാതെ മണിലാൽ

Saturday 26 July 2025 10:06 AM IST

കൊല്ലം: കാർഗിൽ യുദ്ധത്തിൽ പാക് ബോംബിന് മണിലാലിന്റെ ഒരു കാലെടുക്കാനായെങ്കിലും പട്ടാളക്കാരന്റെ മനക്കരുത്തിന് പോറലേൽപ്പിക്കാനായില്ല. യുദ്ധമുന്നണിയിൽ നിന്ന് വീരപരിവേഷത്തോടെ നാട്ടിലെത്തി വിശ്രമത്തിന് ശേഷം കൃഷിയിടത്തിലേക്കിറങ്ങിയ മണിലാൽ, മണ്ണുമായുള്ള പോരാട്ടത്തിലും വിജയിച്ചു. പഞ്ചായത്ത് അംഗവുമായി. രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുമ്പോൾ, കൺമുന്നിൽ വീണ് പൊട്ടിയ ബോംബിന്റെ ഭീകരശബ്ദം ഈ യോദ്ധാവിന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്.

കൊട്ടാരക്കര താമരക്കുടി മിഥിലാപുരിയിൽ ബി.മണിലാൽ (53) ഇപ്പോൾ കർഷകനാണ്. യുദ്ധം കൊടുമ്പിരികൊണ്ട 1999 മേയ് 28ന് സുബേദാർ ബലിക്രിൻ സിംഗിന്റെ നേതൃത്വത്തിൽ കാർഗിൽ മേഖലയിലേക്ക് പോയ പതിനഞ്ചംഗ പട്രോളിംഗ് സംഘത്തിൽ നായിക് മണിലാലും ഉണ്ടായിരുന്നു. കാർഗിൽ മലയുടെ പകുതിയെത്തിയപ്പോഴാണ് പാക് സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. തീവ്രവാദികളും ഒരു ഭാഗത്തുണ്ടായിരുന്നു.

തൊട്ടടുത്ത് ബോംബ് വീണ് പൊട്ടിത്തെറിച്ചു. മൂന്ന് ഓഫീസർമാർ വീരമൃത്യു വരിച്ചു. മണിലാലിന്റെ വലതുകാൽ തകർന്നു, ഇടത് കാലിൽ വെടിയുണ്ട തുളച്ചുകയറി. കമാൻഡോ ഹോസ്പിറ്റലിൽ ജൂൺ ഒന്നിന് വലതുകാൽ മുറിച്ചുനീക്കി, ഇടത് കാൽ സുഖം പ്രാപിച്ചു. കാർഗിൽ യുദ്ധത്തിൽ പരിക്കേറ്റ 1363 സൈനികരിൽ ഒരാളായ മണിലാൽ 1982ൽ 19-ാം വയസിലാണ് പട്ടാളത്തിൽ ചേർന്നത്.

അതിർത്തിയിൽ നിന്ന് കൃഷിയിലേക്ക്

പട്ടാള ജീവിതം അവസാനിച്ചതോടെ തിരികെ നാട്ടിലേക്ക്. ഭാര്യ സുലോചനയ്ക്ക് സർക്കാർ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലി നൽകി. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ മണിലാൽ ഒതുങ്ങിയില്ല. വെപ്പുകാലിൽ കൃഷിയിടത്തിലേക്കിറങ്ങി. സ്വന്തം പറമ്പിലും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷിയിറക്കി മികച്ച വിളവുണ്ടാക്കി മൈലം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുമായി. മൈലം ഗ്രാമപഞ്ചായത്തിലേക്ക് 2005ൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. ഇപ്പോഴും പൊതുപ്രവർത്തനമുണ്ട്. മക്കൾ മിഥിലയും മിഥുനും ബന്ധുക്കളുമൊക്കെ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.