ഭക്ഷണം കഴിക്കാൻ പോലും ഒരിക്കലും പുറത്തിറക്കില്ല, ആശുപത്രിയിലും കൊണ്ടുപോകില്ല; ഗോവിന്ദച്ചാമി ഇനിമുതൽ വിയ്യൂരിലെ ഏകാന്ത തടവിൽ

Saturday 26 July 2025 10:09 AM IST

തൃശൂർ: കണ്ണൂർ ജയിലിലെ സുരക്ഷാസംവിധാനങ്ങളെ മറികടന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമി ഇനി കഴിയുക അതിസുരക്ഷാ ജയിലായ വിയ്യൂരിൽ. ഇന്ന് രാവിലെയാണ് കനത്ത സുരക്ഷയിൽ ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. ഇന്ത്യയിലെ അതീവസുരക്ഷയുള്ള ജയിലുകളിൽ ഒന്നാണ് വിയ്യൂർ. 125 കൊടുംകുറ്റവാളികളാണ് ഇവിടെ തടവിൽ കഴിയുന്നത്.

മരണംവരെ പുറംലോകം കാണരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്ന ഗോവിന്ദച്ചാമിയെ വിയ്യൂരിൽ പാർപ്പിക്കുക ഏകാന്ത സെല്ലിലാണ്. മറ്റുള്ള തടവുകാരെ കാണാനോ അവരുമായി സംസാരിക്കാനോ പറ്റില്ല. പ്രാഥമിക കർമ്മൾങ്ങൾക്കുൾപ്പെടെയുള്ള സൗകര്യങ്ങൾ എല്ലാം ഉള്ള സെല്ലിൽ നിന്ന് ഭക്ഷണംകഴിക്കാൻപോലും ഇനി പുറത്തിറങ്ങാനാവില്ല. എപ്പോഴും നിരീക്ഷണം ഉറപ്പാക്കാൻ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ഇഴകീറി പരിശോധിക്കുകയും ചെയ്യും. കോടതി നടപടികൾക്കോ ആശുപത്രികളിലേക്കോ നേരിട്ട് കൊണ്ടുപാേകാതിരിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇനി മരണംവരെ പുറത്തിറങ്ങാതെ ഗോവിന്ദച്ചാമി സെല്ലിനുള്ളിൽ കഴിയേണ്ടിവരും.

പടുകൂറ്റൻ മതിലിൽ നിന്ന് അമ്പതുമീറ്റർ അകലെയാണ് ജയിൽകെട്ടിടം. പതിനഞ്ച് മീറ്റർ ഉയരമുള്ള നാല് വാച്ച്ടവറുകളിൽ നൈറ്റ് വിഷൻ ബൈനോക്കുലർ, ഹൈബീം സെർച്ച് ലൈറ്റുകൾ, വാക്കിടോക്കി സജ്ജീകരണങ്ങളുള്ള ആയുധധാരികളായ ഗാർഡുമാരുടെ നിരീക്ഷണവും സദാസമയവും ഉണ്ടാവും. വ്യക്തമായ മുന്നൊരുക്കങ്ങൾക്കുശേഷമാണ് ജയിൽ ചാടിയതെന്നതിനാൽ ആ നിലയിലുള്ള സ്പെഷ്യൽ നിരീക്ഷണവും ഗോവിന്ദച്ചാമിയുടെ മേൽ ഉണ്ടാവും.

ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. റോഡിലൂടെ നടന്നുപോകുന്നത് കണ്ട ചിലർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസുൾപ്പെടെ നടത്തിയ തെരച്ചിലിൽ രാവിലെ പത്തരയോടെയാണ് ഇയാളെ പിടികൂടിയത്.

.