മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 1760 രൂപ; സ്വർണം വാങ്ങാൻ മോഹിച്ചവർക്ക് മികച്ച അവസരം, ഇന്നത്തെ നിരക്കറിയാം

Saturday 26 July 2025 10:32 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ 1,760 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില കുറയുന്നതാണ് കേരളത്തിലും വില ഇടിയാന്‍ കാരണമായത്.

കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (28.35 ഗ്രാം) 70 ഡോളർ കുറഞ്ഞ് 3,360 ഡോളറിലെത്തിയിരുന്നു. ഇതോടെ ന്യൂഡൽഹി മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 99,200 രൂപയായി താഴ്ന്നിരിക്കുകയാണ്. അതേസമയം,​ വിപണിയിൽ തിരുത്തലുകൾ ഉണ്ടാകാത്തതിനാൽ വരുംദിനങ്ങളിൽ സ്വർണവിപണിയിൽ ലാഭമെടുപ്പിന് സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇ​ന്ത്യ​യും​ ​ യുകെയും​ ​സ്വ​ത​ന്ത്ര​ ​വ്യാ​പാ​ര​ക്ക​രാ​റി​ൽ​ ​ഒ​പ്പു​വ​ച്ച​ത്​ ​വ​രും​ദി​ന​ങ്ങ​ളി​ൽ​ ​സ്വ​ർ​ണ​വി​ല​യെ​ ​ബാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ജപ്പാൻ, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചതോടെ തീരുവ യുദ്ധ ഭീഷണി ഒഴിയുന്നുവെന്ന വിലയിരുത്തലാണ് സ്വർണവില ഇടിയാനിടയാക്കിയത്. ലോകത്തിലെ പ്രമുഖ കറൻസികൾക്കെതിരെ ഡോളർ ദുർബലമാകുന്നതും സ്വർണത്തിൽ നിന്ന് പിൻവാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

ജൂലായ് മാസത്തിന്റെ തുടക്കം മുതൽക്കേ തന്നെ സ്വർണവിലയിൽ പ്രകടമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒമ്പതിനായിരുന്നു. അന്ന് പവന് 72,000 രൂപയായിരുന്നു. ജൂലായ് 18നുശേഷമാണ് സ്വർണവിലയിൽ ഞെട്ടിപ്പിക്കുന്ന കുതിപ്പുണ്ടായത്. അതേസമയം,​ സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 126 രൂപയും പവന് 1,​26,​000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 128 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.