പ്രിയനേതാവിനോടുള്ള ആദരവും സ്നേഹവും സന്ധ്യ പ്രകടിപ്പിച്ചത് വേറിട്ട വഴിയിലൂടെ, പ്രയോജനപ്പെടുത്തിയത് നിരവധിപേർ
അമ്പലപ്പുഴ : പ്രിയനേതാവിനെ അവസാനമായി കാണാനെത്തിയവർക്ക് ഭക്ഷണം നൽകാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് പറവൂർ ഗോകുലം വീട്ടിൽ സന്ധ്യ. വി.എസ്.അച്യുതാനന്ദന്റെ സംസ്കാരദിവസം അദ്ദേഹത്തെ ഒരുനോക്ക് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിയ നിരവധി പേർക്കാണ് സന്ധ്യ ഭക്ഷണവിതരണം നടത്തിയത്. അതും സൗജന്യമായി.
വി.എസിനോടുള്ള ആദര സൂചകമായി അന്ന് പ്രദേശത്തെ കടകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവരെല്ലാം വിശപ്പകറ്റാൻ നന്നേ വലഞ്ഞു. ഇതറിഞ്ഞ് പറവൂർ ദേശീയപാതയിൽ നിന്നും 200 മീറ്റർ കിഴക്ക് മാറി വീട്ടിൽ ഊണ് കട നടത്തി വരുന്ന സന്ധ്യ രാവിലെ ചുക്കുകാപ്പിയും, ഏത്തയ്ക്കാ അപ്പവും എല്ലാവർക്കും വിതരണം ചെയ്തു. ഉച്ചയ്ക്ക് കഞ്ഞിയും തോരനും അച്ചാറും ഉണ്ടാക്കി ആളുകളെ വിളിച്ചു നൽകി. ഇവിടെ കഞ്ഞി വിതരണം ചെയ്യുന്നതറിഞ്ഞ് നിരവധി പേരാണ് എത്തിയത്. വിശപ്പടങ്ങിയ ചിലരൊക്കെ പണം നൽകാൻ മുതിർന്നെങ്കിലും സന്ധ്യ സ്നേഹത്തോടെ നിരസിച്ചു. .വൈകിട്ട് 3.30 വരെ കഞ്ഞി വിതരണം തുടർന്നു. ആദ്യം തയ്യാറാക്കിയത് കഴിഞ്ഞപ്പോൾ കുക്കറിൽ പല തവണ വീണ്ടും കഞ്ഞിവച്ചു.
ഒമ്പതുവർഷം മുൻപ് സന്ധ്യയുടെ ഭർത്താവ് വിശ്വകുമാർ മരിച്ചിരുന്നു. എട്ടുവർഷമായി വീട്ടിൽ ഊണ് കട നടത്തിയാണ് വീട്ടു ചെലവ് നടത്തുന്നതും മക്കളെ പഠിപ്പിക്കുന്നതും. എം.ബി.എയ്ക്ക് പഠിക്കുന്ന മകൾ ഗോപികയും അമ്മ പ്രസന്നയും മറ്റൊരു സഹായിയും കൂടിയാണ് ഉച്ചക്ക് വീട്ടിൽ ഊണ് നൽകി വരുന്നത്. മകൻ ഗോകുൽ മൂന്നുമാസമായി ഗൾഫിലാണ്. വർഷങ്ങൾക്കു മുമ്പ് പ്രസന്നയുടെ കുടുംബം കളർകോട് താമസിക്കുന്ന കാലത്ത് ഇവരുടെ അയൽവാസിയായി വി.എസ് താമസിച്ചിരുന്നു. അന്നുതുടങ്ങിയ ബന്ധമാണ് വി.എസിന്റെ വീടുമായുള്ളത്.