പ്രവാസികൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം; ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് കടുത്ത നിയന്ത്രണം, മുന്നറിയിപ്പ് 

Saturday 26 July 2025 11:07 AM IST

ദുബായ്: യുഎഇയിൽ ഗതാഗത മുന്നറിയിപ്പ്. ദുബായ് എമിറേറ്റിലെ അൽ ബാദിയ ഇന്റർസെക്ഷനിലെ അൽ ജാമിയ റോഡും അൽ മുസാവാദ് റോഡും താൽക്കാലികമായി അടച്ചിടുകയാണ്. യുഎഇയുടെ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡുകൾ അടച്ചിടുന്നത്.

ജൂലായ് 26 ശനിയാഴ്‌ച പുലർച്ചെ ഒരു മണി മുതൽ ജൂലായ് 28 തിങ്കളാഴ്‌ച പുലർച്ചെ അഞ്ച് മണി വരെയാണ് ഈ റോഡുകൾ അടച്ചിടുന്നത്. ഈ കാലയളവിൽ, മലിഹ റോഡിലെ അൽ ഹൗഷി പാലം വഴി യാത്ര തിരിച്ചുവിടാനാണ് നിർദേശം. യാത്രക്കാർക്ക് ഏതെങ്കിലും വിധത്തിലുണ്ടാകുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.

രണ്ട് ദിവസത്തോളം നീളുന്ന ഈ ഗതാഗത നിയന്ത്രണം പ്രവാസികളെ ഉൾപ്പെടെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. ജോലി സ്ഥലങ്ങളിലേക്കും അല്ലാതെയും യാത്ര ചെയ്യുന്നവർ ഈ നിയന്ത്രണങ്ങൾ പാലിച്ച് മുന്നോട്ട് പോവുക.