ഒടുവിൽ സെമിത്തേരിയും ഹൈടെക്കായി, നിങ്ങൾക്കും പരീക്ഷിച്ചുനോക്കാം

Saturday 26 July 2025 11:08 AM IST

ആലപ്പുഴ: കല്ലറയി​ലെ ക്യു.ആർ കോഡ് മൊബൈൽ ഫോണി​ൽ സ്കാൻ ചെയ്താൽ ലഭി​​ക്കും അടക്കം ചെയ്തി​രി​ക്കുന്നവരുടെ ജീവചരി​ത്രം. ഫോട്ടോകൾ, വീഡി​യോകൾ എന്നി​വയും ലഭിക്കും. ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിലുള്ള കരിക്കംപള്ളിൽ കുടുംബ കല്ലറയുടെ സ്ളാബി​ന് മുകളിലാണ് ഇന്നലെ മെറ്റൽ ക്യു.ആർ കോഡ് പതിച്ചത്.

തത്തംപള്ളി വാർഡ് മഠം റോഡ് ടി.ആർ.എ 3 കരിക്കംപള്ളിൽ വീട്ടി​ൽ അഡ്വ. കെ.ടി. മത്തായി, ഭാര്യ റോസമ്മ മത്തായി എന്നിവരുടെ കല്ലറയുടെ സ്ലാബിന് മുകളിലാണ് ക്യു.ആർ കോഡുള്ളത്. പേരക്കുട്ടി റിച്ച റോസ് മൈക്കിളിന്റെയും (ഇൻഫോസിസ്) ഭർത്താവ് കുര്യാസ് പോൾ അന്റണി ലൂക്കിന്റെയുമാണ് (ടാറ്റ കമ്മ്യൂണിക്കേഷൻസ്) ആശയം.ഇതിനകം മറ്റുരാജ്യങ്ങളിൽ പ്രചാരത്തിൽ വന്നിട്ടുള്ള, മരണപ്പെട്ടവരെക്കുറിച്ചുള്ള വിവരണ രീതിയാണിത്.

ക്യു.ആർ കോഡ് സ്കാൻ ചെയ്‌താൽ ലഭിക്കുന്ന ലിങ്കിലൂടെയാണ് പരേതരുടെ ജീവചരിത്രം അടക്കം വെബ്സൈറ്റിലെ പേജിൽ ലഭ്യമാകുക. സ്റ്റീലിൽ നിർമ്മിച്ചതാണ് കോഡ് പതിച്ച ഫലകം. വ്യക്തിഗതമായി​ ആദരാഞ്ജലികൾ അർപ്പിക്കാനും വെബ്സൈറ്റിൽ സൗകര്യമുണ്ട്. പരേതരെക്കുറിച്ചുള്ള ഓർമ്മകൾ വരുംതലമുറകൾക്കിടയിൽ ഒരിക്കലും മങ്ങാതെ നിലനിൽക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മേയ്‌ 16ന് വിവരങ്ങൾ ചേർത്തു തുടങ്ങി ട്രയൽ നിരീക്ഷിച്ച ശേഷം ഇന്നലെയാണ് കല്ലറയിൽ കോഡ് പതിച്ചത്.