മോനും മോളും പോയി, വേറെ മാർഗമൊന്നുമില്ല; അഞ്ച് സെന്റ് സ്ഥലവും വീടും വിൽപ്പനയ്‌ക്കുവച്ച്‌ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ യുവതിയുടെ അമ്മ

Saturday 26 July 2025 11:29 AM IST

തൃശൂർ: ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ യുവതിയുടെ വീടും സ്ഥലവും വിൽക്കുന്നു. യുവതിയുടെ അമ്മ ഒരു യൂട്യൂബ് ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് വീട് വിൽക്കാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.

യുവതിയുടെ സഹോദരൻ കുറച്ചുനാളുകൾക്ക് മുമ്പ് ജീവനൊടുക്കിയിരുന്നു. 'മോൻ മരണപ്പെട്ടിട്ട് പത്ത് മാസമായി. അവൻ എന്താണങ്ങനെ ചെയ്യാൻ കാരണമെന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടുണ്ട്. ഈ മദ്യം കൊണ്ട് ഓരോരുത്തരുടെയും ജീവിതം പാഴായിപ്പോകുകയാണ്. അവനെ രക്ഷപ്പെടുത്താൻ കുറേ ശ്രമിച്ചു. നടന്നില്ല. മകൻ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

ഞങ്ങൾക്ക് ഒരു സഹായമായി ആരുമില്ല. ഒറ്റപ്പെട്ടപോലെയാണ്. ഒരാളാണ് സഹായിച്ചത്. ആളുടെ പേര് വെളിപ്പെടുത്താൻ താത്പര്യമില്ല. എന്നെ നോക്കാൻ വേണ്ടിയാണ് അവന് ജോലി കൊടുത്തത്. അതിങ്ങനെയൊക്കെയായി. ഈ വീട് കൊടുക്കാനായി കുറേയായി നടക്കുന്നു. അത് ഇതുവരെ വിൽക്കാനായിട്ടില്ല.

അഞ്ച് സെന്റ് സ്ഥലവും വീടുമാണ് കൊടുക്കാനുള്ളത്. വാർപ്പ് വീടാണ്‌. രണ്ട് കിടപ്പുമുറിയും സിറ്റൗട്ട്, ഹാൾ, അടുക്കള, രണ്ട് ബാത്ത്റൂമുമാണ് ഉള്ളത്. കൊടുക്കാൻ കുറേയായി ശ്രമിക്കുന്നു. എങ്ങനെയെങ്കിലും ഇത് കൊടുക്കണം. മരുമകൾക്ക് ജോലിക്കായി എല്ലാം കൊടുത്തിട്ടുണ്ട്. ഈ പെൻഷനും കാര്യങ്ങളുമൊക്കെ ശരിയായി കിട്ടിയാലെ ഞങ്ങൾക്ക് എന്തെങ്കിലും കാര്യമുള്ളൂ.

അവൾക്ക് ജോലി ഒറ്റപ്പാലത്തുതന്നെ കിട്ടിക്കഴിഞ്ഞാൽ താമസം അങ്ങോട്ടേക്ക് ആക്കണം. കുട്ടിയേയും അവിടെയാണ് ചേർത്തിരിക്കുന്നത്. അവൾക്കും കുട്ടിയ്ക്കുമൊക്കെ പോയിവരാനുള്ള സൗകര്യത്തിനാണ്. ഈ വീട് കൊടുത്താലെ അത് നടക്കൂ. അല്ലാതെ വീട് വാങ്ങാൻ വേറെ മാർഗമൊന്നുമില്ല. അവൾക്ക് ജോലി കിട്ടി ഒരു വഴിയിലാകാൻ സമയം കുറേയാകും.'- യുവതിയുടെ അമ്മ പറഞ്ഞു.