മാങ്ങവില മൂന്ന് കിലോയ്ക്ക് 100 രൂപ, ഒപ്പം രാസവിഷം സൗജന്യം!!
കാളികാവ്: അങ്ങാടികളിലും പാതയോരങ്ങളിലും മാമ്പഴക്കച്ചവടം തകൃതി.മുന്തിയ ഇനമായ നീലൻ, കല്ലാപാടി തുടങ്ങിയ മാങ്ങയും മൂന്ന് കിലോക്ക് നൂറ് രൂപ തോതിലാണ് വില്പന. വിലക്കുറവിൽ കണ്ണ്നട്ട് വൻതോതിലാണ് ആളുകൾ മാങ്ങ വാങ്ങുന്നത്. വിലക്കുറവിനോടൊപ്പം വലിയ തോതിൽ വിഷാംശവും അകത്താക്കുന്നതായി ആരും ശ്രദ്ധിക്കുന്നില്ല.
ഏത് മൂപ്പെത്താത്ത മാങ്ങയും വേഗം പഴുക്കുന്നതിനും നല്ല നിറം കിട്ടുന്നതിനും കാത്സ്യം കാർബൈഡ് പൊടി വിതറിയാണ് പഴുപ്പിക്കുന്നത്. ഇത്തരം മാങ്ങ കഴിക്കുന്നതിലൂടെ അസെറ്റലിൻ എന്ന വാതകം വയറിനകത്താവുകയും കുടലിനെ ബാധിക്കുകയും ദഹന പ്രക്രിയ അവതാളത്തിലാവുകയും ചെയ്യും. ആർസെനിക് ,ഫോസ്ഫറസ് എന്നീ മൂലകങ്ങൾ അകത്താവാനിടയാകും. ഇത് ചർദ്ദി, രക്ത സമ്മർദ്ദം തുടങ്ങി ഒട്ടനവധി രോഗങ്ങൾക്കിടയാക്കുമെന്ന് വിദഗ്ദർ പറയുന്നു.
അതുകൊണ്ട് തന്നെ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കൽ നിയമപ്രകാരം കാത്സ്യം കാർബൈഡ് ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്നത് നിരോധിച്ചതുമാണ്. ഇങ്ങനെ വിൽക്കപ്പെടുന്ന മാങ്ങ ഒന്നും സംസ്ഥാനത്ത് ഉദ്പാദിപ്പിക്കുന്നവയല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് മുഴുവനും എത്തുന്നത്. ഇത്തരം വിഷമയമായ പഴങ്ങളും പച്ചക്കറികളും വിൽക്കപ്പെടുന്നതിനെതിരെ യാതൊരു പരിശോധനയോ നടപടിയോ ഇല്ല. കാത്സ്യം കാർബൈഡ് ചേർത്ത മാങ്ങ തിരിച്ചറിയാൻ മാർഗമുണ്ട്. ഇങ്ങനെ പഴുത്ത യാതൊരു കേടുമില്ലാതെ ആഴ്ചകൾ നീണ്ടു നിൽക്കും.കാഴ്ചക്ക് ഭംഗിയുണ്ടെങ്കിലും മാങ്ങ പൂണ്ടെടുക്കുമ്പോൾ ഉള്ളിൽ ഉണങ്ങിയ നിലയിൽ കാണപ്പെടും. കർണാടക,ആന്ധ്രപ്രദേശ്,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നാണ് മാമ്പഴമെത്തുന്നത്.