പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് അറസ്റ്റിൽ, പിടികൂടിയത് കോളേജിന് പിന്നിലെ കാടിനുള്ളിൽ വച്ച്
കോഴിക്കോട്: താമരശ്ശേരിയിൽ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷഫീഖാണ് പിടിയിലായത്. ഇയാളുടെ വാഹനത്തിൽ നിന്നും പൊലീസ് എംഡിഎംഎ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ചുരത്തിനടുത്ത് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട ഷഫീഖ് ചുരത്തിലെ ഒമ്പതാം വളവിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്. അപടകടകരമായ കൊക്കയിലേക്ക് ചാടി ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പൊലീസിന്റെ കണ്ണിൽപ്പെട്ട ഉടനെ ഇയാൾ കൊക്കയിലേക്ക് ചാടുകയും പിന്നീട് എഴുന്നേറ്റ് നടക്കുകയും ചെയ്യുന്നത് ഉദ്യോഗസ്ഥർ കണ്ടിരുന്നു. താമരശ്ശേരി പൊലീസും വൈത്തിരി പൊലീസ് സംഘവും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കാടു മൂടിയ പ്രദേശമായതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനു പിന്നാലെ ഫയർഫോഴ്സ് എത്തി റോഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തയിട്ടും പ്രതിയെ കണ്ടെത്താനായില്ല. ചുരത്തിലെ മറ്റേതെങ്കിലും വാഹനത്തിൽ കയറി ഇയാൾ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ ആശങ്ക. എന്നാൽ ഇന്ന് രാവിലെ വൈത്തിരിക്ക് അടുത്തുള്ള ഓറിയന്റൽ കോളേജിന് പിൻവശത്തെ കാടിനുള്ളിൽ നിന്ന് ഒരാൾ പരിക്കുകളോടെ ഇറങ്ങി വരുന്നുണ്ടെന്ന് പ്രദേശവാസികൾ കാണുകയും, വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കൊക്കയിൽ ചാടിയത് ഷഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വാഹന പരിശോധന നടത്തിയപ്പോൾ പായ്ക്കറ്റുകളിലാക്കി എംഡിഎംഎ സൂക്ഷിച്ചിരിക്കുന്നതും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പരിക്കേറ്റിട്ടുള്ളതിനാൽ ഷഫീഖിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാൻ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.