കേബിൾ ടി.വി പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കും : ഹൈബി ഈഡൻ
Friday 20 September 2019 12:00 AM IST
കൊച്ചി : കേബിൾ ടി.വി ഓപ്പറേറ്റർമാർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പാർലമെന്റിൽ അവതരിപ്പിച്ച് പരിഹരിക്കാൻ കേരളത്തിലെ എം.പിമാർ മുൻകൈയെടുക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംരംഭക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേബിൾ ടി.വി മേഖലയിലേയ്ക്ക് ജിയോയുടെ കടന്നുകയറ്റം മേഖലയ്ക്ക് മാത്രമല്ല, രാജ്യത്തിന്റെ പൊതുതാല്പര്യങ്ങൾക്ക് ദോഷകരമാകുമെന്ന് ഹൈബി പറഞ്ഞു. ഇതിനെതിരെ കേരളത്തിലെ കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ കൂട്ടായ്‌മ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകും. കൂട്ടായ്‌മ തകർന്നാൽ സാധാരണക്കാരുടെ ശബ്ദം നിലയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ സി.ആർ. സുധി, ജനറൽ സെക്രട്ടറി കെ.വി. രാജൻ, ട്രഷറർ അബൂബക്കർ സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.