കനത്ത മഴയും കാറ്റും; സംസ്ഥാനത്ത് വൻ നാശനഷ്‌ടം, മരം വീണ് ഒരാൾ മരിച്ചു, പലയിടത്തും വൈദ്യുതി മുടങ്ങി

Saturday 26 July 2025 12:34 PM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്‌ടം. നിരവധി സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി വിതരണവും തടസപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇനിയും മണിക്കൂറുകളെടുക്കുമെന്നാണ് കെഎസ്‌ഇബി അധികൃതർ അറിയിച്ചിരിക്കുന്നത്.

വൈക്കം റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി. കിടങ്ങൂർ, കാണക്കാരി, കുറുപ്പുന്തറ എന്നിവിടങ്ങളിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ ചോറ്റി, പൈങ്ങന എന്നിവിടങ്ങളിലും മരം വീണതിനെത്തുടർന്ന് ഗതാഗതം സ്‌തംഭിച്ചു. ഈരാറ്റുപേട്ട വെയിൽകാണാംപാറ വയലിൽ ജോർജിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചേർപ്പുങ്കലിൽ മരം വീണ് ഉപ്പുതറ സ്വദേശിയുടെ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു.

കണ്ണൂർ കോളയാട് പെരുവഴിയിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. എനിയാടൻ ചന്ദ്രൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീശിയടിച്ച കാറ്റിലാണ് വീടിന് മുകളിൽ മരം വീണത്. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്നു ചന്ദ്രൻ.

കോഴിക്കോട് ജില്ലയിൽ കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേലെ മരങ്ങൾ വീണു. കല്ലാച്ചിലുണ്ടായ മിന്നൽ ചുഴലിയിൽ തർബിയ മദ്രസയുടെ മേൽക്കൂര പറന്നുപോയി. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീഴുകയും ചെയ്‌തിട്ടുണ്ട്. താമരശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി.

പിറവത്ത് തേക്ക് കടപുഴകി വീണ് പതപ്പാമറ്റത്തിൽ ഷൈനി സാബുവിന് ഗുരുതര പരിക്കേറ്റു. കാറ്റും മഴയും വന്നപ്പോൾ അലക്കി വിരിച്ചിരുന്ന തുണി എടുക്കാനായി ഇറങ്ങിയപ്പോഴാണ് തേക്ക് കടപുഴകി ഷൈനിക്ക് മുകളിലേക്ക് പതിച്ചത്. ആസ്‌ബറ്റോസ് ഷീറ്റ് മേഞ്ഞിരുന്ന വീടിന്റെ ഒരുഭാഗം പൂർണമായും തകർന്ന അവസ്ഥയിലാണ്.

കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.