'സച്ചിന്റെ റെക്കോർഡ് റൂട്ട് 2027ൽ ഭേദിക്കും'; പ്രവചനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

Saturday 26 July 2025 12:54 PM IST

മാഞ്ചസ്റ്റർ: ആൻഡേഴ്സൺ ടെണ്ടുൽക്കർ ട്രോഫിയുടെ നിർണായകമായ നാലാം ടെസ്റ്റിൽ സെഞ്ച്വറി തികച്ച് റെക്കോർഡുകൾ തിരുത്തിയിരിക്കുകയാണ് ജോ റൂട്ട്. കരിയറിലെ 38ാം സെ‌ഞ്ച്വറിയാണ് താരം നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ സ്കോററായ റിക്കി പോണ്ടിംഗ് ജാക്ക് കാലിസ്, രാഹുൽ ദ്രാവിഡ് എന്നിവരെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ജോ റൂട്ട്.

157 ടെസ്റ്റുകളിൽ നിന്ന് 13,409 റൺസ് നേടിയിട്ടുള്ള റൂട്ട് സച്ചിൻ ടെണ്ടുൽക്കറുടെ 15,921 എന്ന റൺസിന് 2,500 റൺസ് അകലെ മാത്രമാണ് ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ സ്റ്റീവ് സ്മിത്തിന്റെ റെക്കോർഡും റൂട്ട് തകർത്തു. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്റെ 12-ാം സെഞ്ച്വറിയാണ് ഇത്.

റൂട്ടിന് ആശംസകൾ ഒഴുകിയെത്തിയപ്പോൾ, ധീരമായ മറ്റൊരു പ്രവചനത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ആയിരുന്നു. ദിനേശ് കാർത്തിക്കിനൊപ്പം ക്രിക്ക്ബസിൽ മൈക്കൽ വോൺ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'നമുക്കെല്ലാവർക്കുമറിയാം സച്ചിൻ ദൈവമാണെന്ന്. എന്നാൽ ജോ റൂട്ട് സച്ചിനെ മറികടക്കുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. എന്റെ ക്രിസ്റ്റൽ ബോളിൽ ‌പരിശോധിച്ചപ്പോൾ 2027ൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലാം ടെസ്റ്റിൽ അദ്ദേഹം ആ റെക്കോർഡ് മറികടക്കും. പാറ്റ് കമ്മിൻസ് റൂട്ടിന്റെ ഇടുപ്പ് ലക്ഷ്യമാക്കി ഒരു പന്ത് എറിയും, റൂട്ട് ആ പന്തിനെ കടാക്ഷിച്ചു കൊണ്ട് സാക്ഷാൽ സച്ചിനെ മറികടക്കും. അതാണ് സ്വപ്നം. അങ്ങനെയാണ് ക്രിസ്റ്റൽ ബോളിൽ കണ്ടത്'- മൈക്കൽ വോൺ പറഞ്ഞു.