രാജ്യത്തെ മികച്ച മൂന്ന് വിമാനത്താവളങ്ങളിൽ ഇടം നേടിയിട്ടും രക്ഷയില്ല; കേരളത്തിലെ ഈ ജില്ലയ്ക്ക് സംഭവിക്കുന്നത്?
നാലാമത്തെ രാജ്യസഭാ എം.പിയും കണ്ണൂരിന് സ്വന്തം; ലോക്സഭയിൽ കൈ നിറയെ കണ്ണൂർ പ്രതിനിധികൾ. കേരള രാഷ്ട്രീയത്തിന്റെ പവർ ഹൗസായ കണ്ണൂരിൽ നിന്നുള്ള പാർലമെന്റ് പ്രതിനിധികൾ ഇപ്പോൾ ഒമ്പതുപേരായതോടെ പാർലമെന്റിൽ തങ്ങളുടെ സ്വാധീനം അരക്കിട്ടുറപ്പിക്കുകയാണ് ജില്ല. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തോടെയാണ് കണ്ണൂരിന് നാലാമത്തെ രാജ്യസഭാ എം.പിയെ ലഭിച്ചത്. വടക്കേയറ്റത്ത് നിന്ന് രണ്ടാമതാണെങ്കിലും രാഷ്ട്രീയത്തിലെ കരുത്തുകൊണ്ട് കേരളത്തിൽ കണ്ണൂരിന്റെ സ്ഥാനം ഒന്നാമതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ പ്രമുഖനായ കെ.സി. വേണുഗോപാൽ വരെയുള്ളവർ കണ്ണൂർ ജില്ലയുടെ പുത്രന്മാരാണ്. ആദ്യ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശിയായ എ.കെ ഗോപാലൻ എന്ന എ.കെ.ജി.
രാജ്യസഭയിലെ കരുത്ത്
വി. ശിവദാസൻ (സി.പി.എം): ഇരിട്ടി സ്വദേശിയായ ശിവദാസൻ, എസ്.എഫ്.ഐ.യുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് ദേശീയ നേതൃത്വത്തിലെത്തി. 2021ലാണ് അദ്ദേഹം രാജ്യസഭയിലെത്തുന്നത്.
ജോൺ ബ്രിട്ടാസ് (സി.പി.എം): മാദ്ധ്യമപ്രവർത്തന രംഗത്തെ അനുഭവസമ്പത്തുമായാണ് യ ജോൺ ബ്രിട്ടാസ് 2021ൽ രാജ്യസഭയിലെത്തിയത്. ജനകീയ വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.
പി. സന്തോഷ് കുമാർ (സി.പി.ഐ)
ഇരിക്കൂർ പടിയൂർ സ്വദേശിയായ സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാർ 2022 മുതൽ രാജ്യസഭാംഗമാണ്. കാർഷിക, തൊഴിലാളി പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ ശബ്ദം സഭയിൽ ഉയർന്നു കേൾക്കുന്നു.
സി. സദാനന്ദൻ (ബി.ജെ.പി)
മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ സദാനന്ദൻ അദ്ധ്യാപകനായും മാദ്ധ്യമ പ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്നുപതിറ്റാണ്ട് മുമ്പ് സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ ഇരു കാലുകളും നഷ്ടമായ അദ്ദേഹം കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി മാറിയ ഒരാളാണ് പാർലമെന്റിന്റെ ഉച്ചസഭയിൽ കണ്ണൂരിന്റെ ശബ്ദമായി മാറുന്നത്.
ലോക്സഭയിൽ സാന്നിദ്ധ്യം
കെ. സുധാകരൻ (കണ്ണൂർ എം.പി)
മുൻ കെ.പി.സി.സി. അദ്ധ്യക്ഷനും കണ്ണൂരിന്റെ സ്വന്തം പ്രതിനിധിയുമായ കെ. സുധാകരൻ 2015 മുതൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
എം.കെ. രാഘവൻ (കോഴിക്കോട് എം.പി)
പയ്യന്നൂർ കുഞ്ഞുമംഗലം സ്വദേശിയായ എം.കെ. രാഘവൻ കണ്ണൂരുമായി അഭേദ്യമായ ബന്ധം പുലർത്തുന്നു. 2009 മുതൽ കോഴിക്കോടിന്റെ എം.പി.യായി പ്രവർത്തിക്കുന്ന അദ്ദേഹം കണ്ണൂരിനും പ്രിയപ്പെട്ട എം.പി.യാണ്.
കെ.സി. വേണഗോപാൽ (ആലപ്പുഴ എം.പി)
എ.ഐ.സി.സി. സംഘടന കാര്യ ജനറൽ സെക്രട്ടറിയായ കെ.സി. വേണഗോപാൽ പയ്യന്നൂർ കണ്ടോന്താർ സ്വദേശിയാണ്. നിലവിൽ ആലപ്പുഴയിലെ എം.പി. ആണെങ്കിലും, കണ്ണൂരിന്റെ വികസന കാര്യങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനം വലുതാണ്.
ഷാഫി പറമ്പിൽ (വടകര എം.പി)
വടകരയുടെ എം.പി.യായ ഷാഫി പറമ്പിലിന് കണ്ണൂരുമായി കുടുംബബന്ധമുണ്ട്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വടകര മണ്ഡലം.
രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട് എം.പി)
കാസർകോട് ലോക്സഭാ മണ്ഡലം കണ്ണൂരിലെ പയ്യന്നൂർ, കല്യാശ്ശേരി നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്. കൊല്ലം സ്വദേശിയായ ഉണ്ണിത്താനും കണ്ണൂരിന്റെ വികസന കാര്യങ്ങളിൽ സജീവമായ പങ്കുവഹിക്കാൻ സാധിക്കും.
പ്രധാന ആവശ്യങ്ങൾ:
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി: കോടികൾ മുടക്കി നിർമ്മിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി ലഭിക്കേണ്ടതാണ് ജില്ലയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ രാജ്യത്തെ മികച്ച മൂന്ന് വിമാനത്താവളങ്ങളിൽ ഇടം നേടിയിട്ടും ഈ പദവി ലഭിക്കാത്തത് കണ്ണൂർ ജനതയ്ക്ക് വലിയ നിരാശയാണ് സൃഷ്ടിക്കുന്നത്. മലബാറിന്റെ സാമ്പത്തിക വളർച്ചയ്ക്കും വിനോദസഞ്ചാര മേഖലയുടെ അഭിവൃദ്ധിക്കും ഇത് അനിവാര്യമാണ്. നിലവിൽ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികൾക്കു മാത്രമാണ് സർവീസ് നടത്താൻ അനുമതി. ഈ വിമാനക്കമ്പനികൾക്ക് ആവശ്യാനുസരണം സർവീസ് നടത്താൻ വിമാനങ്ങളുമില്ല. അതിനാലാണ് യാത്രക്കാർ കൂടുതലുണ്ടെങ്കിലും കണ്ണൂരിൽ വിമാനസർവീസുകൾ ആവശ്യമനുസരിച്ച് നടത്താനാകാത്തത്. കൂടുതൽ സർവീസുകൾക്ക് അവസരമുണ്ടായാൽ എയർപോർട്ടിൽ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാദ്ധ്യമാക്കാനും സാധിക്കും. എയർപോർട്ടിന് പോയിന്റ് ഒഫ് കോൾ ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, ലഭ്യതയനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും വിഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കണ്ണൂരിന് പുറമെ കാസർകോട്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങൾക്കും പ്രയോജനകരമായ കണ്ണൂർ എയർപോർട്ട് കൂർഗ്, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദൽ എയർപോർട്ട് കൂടിയാണ്. കണ്ണൂർ എയർപോർട്ടിൽ കോഡ്ഇ/വൈഡ് ബോഡി വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളുമുണ്ട്. വ്യോമയാനരംഗത്ത് ആവശ്യമായ എം.ആർ.ഒ, എയ്റോ സിറ്റീസ്, ഏവിയേഷൻ അക്കാഡമികൾ എന്നിവയ്ക്ക് ആവശ്യമായ ഭൂമിയും ലഭ്യമാണ്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ വികസനം
വടക്കേ മലബാറിലെ ട്രെയിൻ യാത്രക്കാരുടെ നീണ്ട കാത്തിരിപ്പും തിരക്കും ദൈനംദിന പ്രശ്നമായി മാറി. ജില്ലയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായിട്ടും കണ്ണൂരിൽ മൂന്ന് പ്ലാറ്റ്ഫോമുകളും ഒരു ബൈ ലൈനും മാത്രമാണുള്ളത്. ഇത് അടിയന്തിരമായി വികസിപ്പിച്ച് പ്ലാറ്റ്ഫോമുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതിയ ട്രെയിൻ സർവീസുകൾ കൊണ്ടുവരികയും വേണമെന്നാണ് പ്രധാന ആവശ്യം. റെയിൽവേയുടെ കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയത് കണ്ണൂരിന്റെ വികസനകുതിപ്പ് തടയും. ഈ കമ്പനി അവരുടെ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. ഓപ്പറേഷണൽ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് റെയിൽ ലാൻഡ് ഡിവലപ്മെന്റ് അതോറിറ്റി (ആർ.എൽ.ഡി.എ) പാട്ടത്തിന് നൽകുന്നത് എന്നാണ് റെയിൽവേ വാദം. റെയിൽവേക്ക് വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിലാണ് കണ്ണൂരിലെ 7.19 ഏക്കർ ഭൂമിയും പെട്ടത്. എന്നാൽ, സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള ആലോചന, നാലാം പ്ലാറ്റ്ഫോമിന്റെ കുറവ്, രണ്ടും മൂന്നും പ്ലാറ്റ്ഫോമിന് വീതിയില്ലാ പ്രശ്നം ഉൾപ്പെടെ നിലനിൽക്കുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് ഭൂമി പാട്ടത്തിന് നൽകിയത്. കണ്ണൂരിൽ നേരത്തേ പ്രഖ്യാപിച്ചിരുന്ന വിമാനത്താവള മാതൃകയിലുള്ള റെയിൽവേ സ്റ്റേഷൻ വികസന പദ്ധതികൾ എങ്ങുമെത്തിയില്ല.
അഴീക്കൽ തുറമുഖത്തിന്റെ വളർച്ച വാണിജ്യ കേന്ദ്രമാകാനുള്ള സ്വപ്നം: വിഴിഞ്ഞത്ത് ലോകോത്തര നിലവാരത്തിലുള്ള തുറമുഖം യാഥാർത്ഥ്യമായപ്പോൾ, അതിനോടൊപ്പം വ്യാപാരവാണിജ്യ മേഖലയിൽ മുന്നേറാൻ കണ്ണൂർ അഴീക്കൽ തുറമുഖത്തിനും കഴിയണമെന്നതാണ് വ്യവസായികളുടെയും വ്യാപാരികളുടെയും ആഗ്രഹം. ഇതിന് ശക്തമായ രാഷ്ട്രീയ ഇടപെടലുകളും കേന്ദ്ര സർക്കാരിന്റെ പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്. പദ്ധതികൾക്ക് കോടികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും പ്രവർത്തനത്തിലെത്തുന്നില്ല. സിംഗപ്പൂർ ചരക്കുകപ്പലിന് തീപിടിച്ചത് കണ്ണൂർ അഴീക്കൽ പോർട്ടിന് 44 നോട്ടിക്കൽ മൈൽ (81.5.കിമി) ദൂരത്തിലാണ്. ഏറ്റവും അടുത്തുള്ള തുറമുഖമാണെങ്കിലും ടഗ് ബോട്ടുകളും രക്ഷാപ്രവർത്തനത്തിനുള്ള പരിശീലനം നേടിയ ക്രൂവും അഴീക്കൽ പോർട്ടിലില്ലാത്തതാണ് രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം ബേപ്പൂരിലേക്ക് മാറ്റാൻ കാരണം. ഈ സംഭവം അഴീക്കലിന്റെ പരാധീനത വെളിപ്പെടുത്തി. വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെയെല്ലാം സാദ്ധ്യത വർദ്ധിച്ചു. എന്നാൽ അഴീക്കലിന്റെ കാര്യത്തിൽ കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. ചരക്കുനീക്കം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഗോഡൗൺ നിർമിക്കാൻ 5.5 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. അഴീക്കൽ, ബേപ്പൂർ ഉൾപ്പെടെയുള്ള ചെറുകിട തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ക്രൂസ് സർവീസ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇത് നടപ്പാക്കണമെങ്കിൽ തുറമുഖ പരിധിയിലെ കടവുകളിൽ നിന്നുള്ള മണലെടുപ്പ് പുനരാരംഭക്കേണ്ടതുണ്ട്. എല്ലാവർഷവും ബഡ്ജറ്റിൽ തുറമുഖത്തിന് ഫണ്ട് വകയിരുത്തുമെന്നല്ലാതെ കപ്പലുകൾ എത്താൻ ഇനിയും കാത്തിരിക്കണമെന്നാണ് സ്ഥിതി. ബ്രിട്ടീഷ് ഭരണകാലത്ത് സജീവമായിരുന്നു അഴീക്കൽ തുറമുഖം.