ദിവസങ്ങൾ നീണ്ട തിരച്ചിൽ, കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Saturday 26 July 2025 3:20 PM IST

കൊല്ലം: ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ആസിഫാണ് (14) മരിച്ചത്. ബുധനാഴ്ച രാവിലെ 9.40 ഓടെയാണ് കുട്ടി ആറ്റിലേക്ക് ചാടിയത്. കുളക്കട ഗവൺമെന്റ് എച്ച്എസ്എസിലെ വിദ്യാർത്ഥിയാണ്. രാവിലെ കുളക്കടയിലെ ട്യൂഷൻ സെന്ററിൽ പോയ ആസിഫ് ട്യൂഷൻ കഴിഞ്ഞ് സ്കൂളിൽ കയറാതെ മടങ്ങുകയായിരുന്നു. വീട്ടിലേക്ക് പോകുകയാണെന്നാണ് കൂട്ടുകാരോടു പറഞ്ഞിരുന്നത്. പാലത്തിലേക്ക് കയറി കുറച്ചു മുന്നോട്ടുപോയശേഷം ബാഗ് നടപ്പാതയിൽ വച്ച് ആസിഫ് താഴേക്ക് ചാടുകയായിരുവെന്നാണ് സമീപവാസികൾ പറഞ്ഞത്.

ഇത് കണ്ട് ഓടിയെത്തിയവർ പാലത്തിൽ നിന്ന് നോക്കിയപ്പോൾ കുട്ടി മുങ്ങിത്താഴുന്നതാണ് കണ്ടത്. കനത്ത മഴയിൽ രക്ഷാപ്രവർത്തനം അസാദ്ധ്യമായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. കുട്ടിയുടെ ചെരുപ്പ് പാലത്തിന് സമീപത്തു നിന്ന് കണ്ടെത്തി. പുത്തൂർ പൊലീസും അഗ്നിരക്ഷാസേനയും സ്കൂബാ സംഘവും എത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. മണ്ണടി കാഞ്ഞിരംവിള പുത്തൻവീട്ടിൽ അനസിന്റെയും ഷാമിലയുടെയും മകനാണ് ആസിഫ്. അൽഫിയ, ഫാത്തിമ എന്നിവർ സഹോദരിമാരാണ്.