'പാലോട് രവിയോട് വിശദീകരണം തേടിയിട്ടുണ്ട്, ഇതുകൊണ്ടൊന്നും കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകരില്ല'

Saturday 26 July 2025 5:27 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് ഇന്ത്യയിലെ അതിശക്തമായ മതേതര പാർട്ടിയാണെന്നും ഇതുകൊണ്ടൊന്നും പ്രവർത്തകരുടെ മനോവീര്യം തകരില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണത്തിൽ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഇതിൽ പാലോട് രവിയും വിശദീകരണം നൽകിയിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നൽകിയതെന്നും മണ്ഡലങ്ങളിൽ ജാഗ്രത വേണമെന്നാണ് പ്രവർത്തകനോട് പറഞ്ഞതെന്നായിരുന്നു പാലോട് രവിയുടെ വിശദീകരണം.

'ഡിസിസി പ്രസിഡന്റായത് കൊണ്ട് പ്രവർത്തകർ വിളിക്കും. ഒരു സ്ഥലത്ത് നിന്ന് വിളിച്ചപ്പോൾ അവർ പരസ്പരം പരാതി പറഞ്ഞു. ഞാൻ അവരോട് പറഞ്ഞു, പഞ്ചായത്ത് ഇലക്ഷൻ ജയിക്കണം. എന്നാലേ നിയമസഭയിൽ നമുക്ക് ജയിക്കാൻ പറ്റൂ. പഞ്ചായത്ത് ഇലക്ഷൻ ജയിക്കണമെങ്കിൽ നിങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. അവിടെയുള്ള ഭിന്നതകൾ എല്ലാം നിങ്ങൾ പറഞ്ഞുതീർക്കണം. നിങ്ങൾ എല്ലാവരും ഒരുമിച്ച് നിന്നാൽ അതാണ് പാർട്ടിയുടെ മുഖം. ഇതാണ് ഈ ജില്ലയിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷമായി സംഘടനാപരമായി താഴോട്ട് നൽകിക്കൊണ്ടിരിക്കുന്ന സന്ദേശം. അതുകൊണ്ട് ഭിന്നതയുണ്ടെങ്കിൽ, നിങ്ങൾക്ക് പഞ്ചായത്ത് ജയിക്കാൻ സാധിക്കില്ല. ഈ ഒരു സന്ദേശമാണ് താഴോട്ട് നൽകിയത്'- പാലോട് രവി പറഞ്ഞു.

പാലോട് രവിയുടെ ഫോൺ സംഭാഷണം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാമത് പോകും. നിയമസഭയിൽ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും.

കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും. മുസ്ലിം സമുദായങ്ങൾ വേറെ പാർട്ടിയിലേക്കും കുറച്ചുപേർ മാർക്സിസ്റ്റ് പാർട്ടിയിലേക്കും പോകും. കോൺഗ്രസിലുണ്ടെന്ന് പറയുന്നവർ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു.

നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാർത്ഥമായി ഒറ്റൊരാൾക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ഛിന്നഭിന്നമാക്കും'