'ഒരു ലോജിക്ക് വേണ്ടേ, ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം വിഎസിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന'
തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം വിഎസിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന മാത്രമാണെന്ന് പി വി അൻവർ. കേവലം പ്രാഥമിക തലത്തിലുള്ള മൂന്നോ നാലോ ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ ഒതുങ്ങാതെ ഈ വിഷയത്തിലുള്ള ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടതുണ്ടെന്നും അൻവർ പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; കഥയും തിരക്കഥയും
വിഎസിന്റെ വിയോഗം പത്രമാദ്ധ്യമങ്ങളുടെ “സ്പേസ്” അത്രയും കവർന്നെടുത്തു. കേരളത്തിലെ വാർത്താമാദ്ധ്യമങ്ങളെല്ലാം തന്നെ വി.എസിന്റെ ചരിത്രവും വർത്തമാനവും ഇഴകീറി 72 മണിക്കൂറുകൾ സ്റ്റോറികൾ ചെയ്തു. പാർട്ടി സമ്മേളന വേദികളിൽ അടക്കം വിഎസിനെ അപമാനിച്ചവർ, വിഎസ് തന്നെ പറഞ്ഞ “ക്യാപ്പിറ്റൽ പണിഷ്മെന്റിന്റെ” കഥകൾ, മാദ്ധ്യമങ്ങൾ ഓർത്തെടുത്തു. സോഷ്യൽ മീഡിയ ഇത് ഏറ്റുപാടി. പുന്നപ്രയുടെയും വയലാറിന്റെയും വീര നായകന്റെ വിയോഗം അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ കേരളം ചർച്ച ചെയ്തു. വിതുമ്പുന്ന അനുശോചന യോഗങ്ങൾ ഉണ്ടായി.
പിണറായിസമാണ് കമ്മ്യൂണിസവും, സോഷ്യലിസവും എന്ന് തിരുത്തി വായിക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ട് നിർബന്ധിതരായിപ്പോയ സഖാക്കളെയും, പുതിയ കാലത്ത് പിണറായിസത്തെ പാർട്ടിയായി ധരിച്ചു വശായിപോയ പുതിയ സഖാക്കളെയും വി.എസിന്റെ മരണം അഗാധമായി സ്വാധീനിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോളം പ്രായമുള്ള വി.എസ് ആയിരുന്നു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന സത്യം വെളിച്ചം കാണാനുള്ള ഉപാധിയായിതീർന്നു സഖാവ് വി.എസിന്റെ പോരാട്ട ചരിത്രത്തിന്റെ ഈ പുനർവായന.
കേരളത്തിന്റെ പൊതു സമൂഹം ഈ വിഷയം ഏറ്റെടുത്തപ്പോൾ കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും മുതലാളിത്തത്തിന് എഴുതിക്കൊടുത്ത് "റസീപ്റ്റ്" കൈപ്പറ്റിയവർ ജാഗരൂകരായി. ”കടലും, തിരയും, ബക്കറ്റിലെ വെള്ളവും” “സിമ്പോളിക്കായി” പറഞ്ഞു വി.എസിനെ അപമാനിച്ചവർ മഹാനായ വിഎസിന് മുമ്പിൽ, നാടിന് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ മുമ്പിൽ സ്വയം ചെറുതാകുന്നത് സഹിക്കാനാവാതെ പരക്കം പാഞ്ഞു.
മാദ്ധ്യമ ഹാൻഡിലുകളിൽ നിന്നും ജനങ്ങളുടെ ഹൃദയത്തിൽ നിന്നും വി.എസിനെ മായ്ച്ചു കളയാൻ അവർ വഴിയാലോചിച്ചു. അതിന്റെ “ബൈ പ്രൊഡക്ട്” മാത്രമാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം. കണ്ണൂർ സെൻട്രൽ ജയിലിന്റെ പത്താം ബ്ലോക്കിൽ മാസങ്ങളായി ഒരു കൊടും കുറ്റവാളി ജയിൽ ചാടാൻ ആസൂത്രണം നടത്തുക. ജയിൽ ഉദ്യോഗസ്ഥർ ഇത് അറിയാതെ പോകുക. എട്ടു മീറ്റർ ഉയരമുള്ള മതിൽ ഒരാളുടെയും സഹായമില്ലാതെ അംഗപരിമിതിയുള്ള ഒരാൾ ചാടി കടക്കുക. രാത്രി ഒന്നര മണിക്ക് ജയിലിന്റെ കോമ്പൗണ്ടിൽ നിന്നും നാഷണൽ ഹൈവേയിൽ എത്തിയ ഗോവിന്ദച്ചാമി നേരം വെളുക്കുന്നതിനു മുമ്പ് ഏതെങ്കിലും പാണ്ടിലോറിയിലോ, അന്തർ സംസ്ഥാന ട്രെയിനുകളിലോ (റെയിൽ പാളം വഴി അരമണിക്കൂർ കിലോമീറ്റർ നടന്നാൽ റെയിൽവേ സ്റ്റേഷനിൽ എത്തും എന്നതുകൂടി ചേർത്തു വായിക്കണം) അയൽ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതാലോചിക്കാതെ ഒരു കിണറ്റിൽ ഇറങ്ങിയിരിക്കുക. ആസൂത്രകരെ തീർച്ചയായും അൽകാട്രസ് സ്വാധീനിച്ചിട്ടുണ്ടാവണം. പറയുന്നതിനും, ഒരു ലോജിക്ക് വേണ്ടേ!!
പത്താം ബ്ലോക്ക് നിൽക്കുന്ന കോമ്പൗണ്ടിന്റെ ചുറ്റുമതിൽ ഡ്രമ്മുകൾ ഉപയോഗിച്ചും ജയിലിന്റെ പ്രധാന ചുറ്റുമതിൽ തുണികൾ കൂട്ടിക്കെട്ടിയും അംഗപരിമിതിയുള്ള ഗോവിന്ദച്ചാമി ചാടി കടന്നു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല. അമർചിത്രകഥകളെ വെല്ലുന്ന ഈ കഥ വിശ്വാസയോഗ്യമാകണമെങ്കിൽ ഒന്നര ഇഞ്ച് വണ്ണമുള്ള ഇരുമ്പ് കമ്പി ഉപ്പും ചെറിയ ആക്സോ ബ്ലേഡും ഉപയോഗിച്ച് മുറിച്ചു മാറ്റിയതും ഡ്രമ്മുകളും വസ്ത്രങ്ങളും ഉപയോഗിച്ച് രണ്ടു മതിലുകൾ ചാടി കടന്നതും കസ്റ്റഡിയിലുള്ള ഗോവിന്ദച്ചാമിയെ തന്നെ ഉപയോഗിച്ച് റീടേക്ക് എടുത്ത് ഷൂട്ട് ചെയ്ത് മാധ്യമങ്ങൾ വഴി പൊതുജനങ്ങളെ കാണിക്കേണ്ടതുണ്ട്.
അധികാരികളുടെ അറിവോടെ തന്നെ വെളുക്കുന്നതിന് അല്പസമയം മുമ്പ് ജയിലധികാരികളുടെ വാഹനങ്ങളോ മറ്റോ ഉപയോഗിച്ച് പ്രധാന കവാടത്തിലൂടെ തന്നെ പുറത്തെത്തിച്ചു എന്ന് പറഞ്ഞാൽ തള്ളിക്കളയാൻ ആകുമോ? ഗോവിന്ദച്ചാമിയെ എന്തെങ്കിലും ഓഫറുകൾ നൽകിയോ തെറ്റിദ്ധരിപ്പിച്ചോ സ്വാധീനിച്ചിരിക്കാൻ ആണ് സാദ്ധ്യത. കേവലം പ്രാഥമിക തലത്തിലുള്ള മൂന്നോ നാലോ ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ ഒതുങ്ങാതെ ഈ വിഷയത്തിലുള്ള ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടതുണ്ട്.
സംസ്ഥാനത്തെ അതീവ പ്രാധാന്യമുള്ള കുറ്റവാളികൾ അടക്കം തടവിൽ കഴിയുന്ന ജയിൽ എന്ന കാര്യം പരിഗണിക്കുമ്പോൾ ഈ വിഷയത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സത്യം വെളിച്ചത്തു കൊണ്ടുവരണം എന്നതാണ് എനിക്ക് പറയാനുള്ളത്. അധികാരത്തെ തന്നിഷ്ടപ്രകാരം തങ്ങൾക്കുവേണ്ടി വളച്ചൊടിക്കാനും ഉപയോഗിക്കാനും ഒരു ഏകാധിപതിക്കും അവസരം ഒരുക്കി കൊടുത്തുകൂടാ. ഈ ജയിൽ ചാട്ടം വിഎസിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന മാത്രമാണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ. നൂറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് വി.എസ് വിസ്മൃതിയിലാവും എന്ന് പകൽക്കിനാവ് കാണുന്നവർ എത്ര വിഡ്ഢികൾ. പി.വി അൻവർ