കഞ്ചാവ് വില്പന: ഹോംനഴ്സും സഹായിയും അറസ്റ്റിൽ
കൊച്ചി: ട്രെയിനിൽ കഞ്ചാവ് കടത്തി എറണാകുളത്ത് വില്പന നടത്തുന്ന ഹോംനഴ്സ് ഉൾപ്പെടെ രണ്ടുപേരെ കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ആലക്കോട് മനക്കടവ് വയകമ്പ കുമ്പളത്തുവീട്ടിൽ അഭിജിത് (26), ബീഹാർ റാണിഗഞ്ച് സ്വദേശി മുഹമ്മദ് ആലം (32) എന്നിവരാണ് എറണാകുളം കമ്മട്ടിപ്പാലത്തെ വാടകവീട്ടിൽനിന്ന് പിടിയിലായത്. 4.099 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.
പ്രതികൾ ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ പി.എം. രതീഷ് പറഞ്ഞു. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള കമ്മട്ടിപ്പാടം ഭാഗത്ത് ട്രെയിൻ വേഗതകുറച്ച് നീങ്ങുമ്പോൾ കഞ്ചാവ് നിറച്ച ബാഗുകൾ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും രാത്രി ആളൊഴിഞ്ഞ നേരത്ത് എടുക്കുകയുമാണ് പതിവ്.
വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നതായി നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ പ്രതികൾ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിൽ നിറക്കുകയായിരുന്നു. ഇരുവരും 7 കൊല്ലമായി കമ്മട്ടിപ്പാടത്താണ് താമസം. വൈറ്റിലയിലെ ഒരു വീട്ടിലാണ് അഭിജിത് ഹോംനഴ്സായി ജോലിചെയ്യുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.