പഠിക്കാനുണ്ട്, സീതയിൽ നിന്ന്

Sunday 27 July 2025 12:00 AM IST
ഡോ.ഉഷാറാണി പി

സീതയുടെ അയനമാണ് രാമായണമെന്നു നിരൂപകന്മാർ സമർത്ഥിച്ചിട്ടുള്ളതിൽ തെറ്റില്ല. പലപ്പോഴും രാമനെന്ന ഭർത്താവിനെക്കാളും രാജാവിനെക്കാളും ഒരുപടി മുന്നിലാണ് ജാനകിയുടെ പ്രഭാവം. പഠനമനനങ്ങൾ ഇനിയും അവശേഷിപ്പിക്കുന്നതാണ് സീതയുടെ വ്യക്തിത്വം. ഉത്തമയായ പത്നിയാണു സീതാദേവി. 'ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ച' കേട്ടപ്പോൾ 'മയിൽപ്പേടപോലെ സന്തോഷംപൂണ്ട' മൈഥിലി സാധാരണ രാജകുമാരിമാർക്കു സമമായി ഭർത്താവുമൊത്തു സർവസുഖസമൃദ്ധമായ ദാമ്പത്യം നയിക്കുകയായിരുന്നു. എന്നാൽ പട്ടാഭിഷേകത്തിനു വിഘ്നംവന്നെന്നും കാനനവാസം വിധിക്കപ്പെട്ടെന്നും അതിനാൽ മാതാവുമൊത്തു വാഴ്കയെന്നുമുള്ള ശ്രീരാമവാക്യം കേട്ടയുടനെ, 'മുന്നിൽ നടപ്പൻ വനത്തിനു ഞാൻ മമ പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ ' എന്നാണു പറയുന്നത്. 'തൻ പ്രിയൻ പോമടവിതാൻ തന്നയോദ്ധ്യ രാജധാനി' എന്ന് നിശ്ചയിച്ച സീത പത്നീധർമ്മത്തിൻ്റെ പ്രതീകമാണ്. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ഹനുമത്സീതാ സംവാദ ഭാഗത്ത് 'ഉഷസിനിശിചരികളിവരുടലു മമ ഭക്ഷിക്കും' എന്നു ഭയപ്പെട്ടിരുന്ന സീത 'മാനവവീരനുമെന്നെ മറന്നിതു', 'കാകുൽസ്ഥനും കരുണാഹീനനെത്രയു'മെന്നെല്ലാം ദു:ഖഭാരത്താൽ ചിന്തിച്ചുകൂട്ടുന്നുണ്ട്. 'കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാൻ ' എന്ന് ഉറപ്പിക്കുന്നുമുണ്ട്. ആ സമയം മുന്നിലെത്തുന്ന മാരുതിയെ, രാമനാമമെഴുതിയ അംഗുലീയദൃശ്യമോടെ വിശ്വസിച്ച് 'മമ സുഖവുമനുദിനമിരിക്കും പ്രകാരവും മൽപരിതാപവും കണ്ടുവല്ലോ ഭവാൻ' എന്നാശ്വസിക്കുന്നു.

എന്നും ഭർത്താവിനൊപ്പം

ലങ്കാദഹനംചെയ്ത് വീണ്ടുമെത്തിയ ഹനുമാൻ, സീതയെ തൻ്റെ തോളിലിരുത്തി ക്ഷണത്തിൽ രാവണസവിധത്തിലെത്തിക്കാമെന്ന് പറയുന്നു. എന്നാൽ സീതയതിനു തയ്യാറാകുന്നില്ല. അത് തൻ്റെ പ്രാണനാഥൻ്റെ കീർത്തിക്ക് കളങ്കമാകും. അതിനാൽ രാമൻ വന്ന് രാവണനെക്കൊന്ന് തന്നെ കൊണ്ടുപൊയ്ക്കൊള്ളുമെന്ന് പറയുന്നു. ദുരിതമനുഭവിക്കുമ്പൊഴും ഭർത്താവിൻ്റെ യശസ്സ് സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും ശ്രദ്ധിക്കുകയാണ് സീത. ഈ സന്ദർഭമാണു ദേവിയുടെ സ്വഭാവവൈശിഷ്ട്യത്തിൻ്റെ ഉയർന്ന ഉദാഹരണം. ഇവിടെ മറ്റൊന്നുകൂടി ഉൾച്ചേർന്നിരിക്കുന്നു. എന്തെന്നാൽ, പതിയുടെ സവിധത്തിൽനിന്ന് തട്ടിക്കൊണ്ടുവരപ്പെട്ട് ദൃഷ്ടനായ രാവണൻ്റെയും അനുചരന്മാരുടെയും ഇടയിൽ കുറേനാൾ കഴിഞ്ഞിട്ട് അപരിചിതനായ ഏതോ വാനരൻ്റെ തോളിൽക്കയറി തിരികെയെത്തുന്നത് ഒരു സ്ത്രീയുടെ സ്വഭാവത്തിൻമേലുള്ള നിത്യകളങ്കമായിരിക്കും. ത്രേതായുഗത്തിലും ലിംഗസമത്വത്തിൻ്റെ കലിയുഗത്തിലും സമൂഹത്തിൻ്റെ ഈ കാഴ്ചപ്പാടിന് വലിയ വ്യത്യാസമില്ല. തുല്യത നേടിയെന്ന് അഭിമാനിച്ചുകൊണ്ടുള്ള പുത്തൻതലമുറയിലെ പെൺകുട്ടികളുടെ സമാന പ്രവൃത്തികൾക്ക് അനന്തരഫലം പലപ്പോഴും വിപരീതമായും ദുരന്തമായും ഭവിക്കാറുണ്ടല്ലൊ. ഭയക്കേണ്ടതും തള്ളേണ്ടതും കൊള്ളേണ്ടതും എന്തൊക്കെയെന്നു ചിന്തിക്കാനും തിരിച്ചറിയാനും ലക്ഷ്യമാക്കിയുള്ളവയാണ് കഥകളും അവയിലെ സാരസ്യവും.