ഡർബാർഹാ‌ൾ മൈതാനത്തുനിന്ന് 7 ലക്ഷത്തിന്റെ അലങ്കാര ബൾബുകൾ മോഷ്ടിച്ചവ‌ർ അറസ്റ്റിൽ

Saturday 26 July 2025 9:16 PM IST
നിഹാർ

കൊച്ചി: എറണാകുളം ‌ഡർബാർഹാൾ മൈതാനത്തുനിന്ന് ഏഴുലക്ഷംരൂപ വിലപിടിപ്പുള്ള അലങ്കാരബൾബുകൾ മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. പുന്നപ്ര സ്വദേശി ആർ. നിഹാർ (40), കതൃക്കടവ് എ.പി. വർക്കി നഗർ സ്വദേശി രാഘവൻ (34) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

ജൂൺ 12നാണ് 40 ബൊള്ളാർ‌‌‌ഡ് ലൈറ്റുകൾ മോഷണം പോയത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊച്ചിൻ സ്മാർട്ട് മിഷനാണ് (സി.എസ്.എം.എൽ) മൈതാനത്ത് അലങ്കാര ബൾബുകൾ ജനുവരിയിൽ സ്ഥാപിച്ചത്. സി.എസ്.എം.എൽ ചുമതലപ്പെടുത്തിയ ലുമെൻ എൻജിനിയറിംഗ് കമ്പനിക്കായിരുന്നു ഇതിന്റെ ചുമതല. മൂന്ന് വർഷത്തേക്ക് ഇവയുടെ അറ്റകുറ്റപ്പണി നടത്തേണ്ടതും കമ്പനിയാണ്.

ഒരുമീറ്റർ ഉയരമുള്ള ബൾബുകൾ തറനിരപ്പിൽനിന്ന് ഊരിയെടുക്കാൻ സാധിക്കും. 12ന് പുലർച്ചെ നാലിനാണ് ബൾബുകൾ ഊരിമാറ്റിയത്. ഇരുമ്പ് ഹോൾഡറടക്കമാണ് ഇളക്കിയെടുത്തത്. ഹോൾ‌ഡർ ആക്രിക്കടകളിൽ വിറ്റ് പണമെടുത്തശേഷം ബൾബുകൾ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി.

രാഘവൻ

നഗരപരിധിയിലെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചും നിരീക്ഷണത്തിലൂടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയി പറഞ്ഞു. ചളിക്കവട്ടം ഭാഗത്ത് ബൈപ്പാസിന് സമീപം സർവീസ് റോ‌‌‌ഡിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ബൈക്കും മോഷണം പോയ ബൾബുകളും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിൽ ഒരാൾകൂടി ഉൾപ്പെട്ടതായി സൂചനയുണ്ട്.